ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്: അടിച്ചു പറത്തി ഡികെ, അര്‍ധസെഞ്ചുറിയുമായി രോഹിത്

വിജയ റൺസ് നേടിയ ദിനേശ് കാർത്തിക്കിന്റെ ആഹ്ലാദം.

കൊളംബോ∙ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനൽ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു നാലു വിക്കറ്റ് ജയം. അവസാന പന്തിൽ ജയിക്കാൻ അഞ്ചു റൺസ് വേണമെന്നിരിക്കെ സിക്സർ പറത്തി ദിനേഷ് കാ‍ർത്തിക്ക് ഇന്ത്യക്കു ജയം സമ്മാനിക്കുകയായിരുന്നു. വെറും എട്ടു പന്തുകളിൽനിന്ന് 29 റൺസ് സ്വന്തമാക്കിയാണ് അവസാന ഓവറുകളിൽ കാർത്തിക് ടീം ഇന്ത്യയെ ചുമലിലേറ്റിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ അർ‌ധസെഞ്ചുറി നേടി.

ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് എട്ടിന് 166 റൺസ് എടുത്തു. ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

യുസ്‍വേന്ദ്ര ചഹലിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ

അർധ സെഞ്ചുറിയുമായി രോഹിത്, ഹിറ്റ്മാന്‍ ഡികെ

167 റൺസെന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് എളുപ്പമായിരുന്നില്ല കാര്യങ്ങൾ. അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ നിലയുറപ്പിച്ചപ്പോഴും എതിര്‍ഭാഗത്തു നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാൻ ഇന്ത്യയ്ക്കു സാധിച്ചില്ല. മൂന്നാം ഓവറിൽ ഇന്ത്യൻ സ്കോർ 30 കടന്നെങ്കിലും അതേ ഓവറിൽ തന്നെ ശിഖര്‍ ധവാന്‍ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഷാക്കിബ് അൽ ഹസന്റെ പന്തിൽ ആരിഫുൾ ഹഖിനു ക്യാച്ച് നൽകി ധവാന്‍ മടങ്ങി. റുബൽ ഹുസൈനു വിക്കറ്റ് സമ്മാനിച്ചാണു സുരേഷ് റെയ്ന, കെ.എൽ. രാഹുൽ എന്നിവർ പുറത്തായത്. 98–ാം റൺസില്‍ രോഹിതും മടങ്ങി. 42 പന്തുകൾ നേരിട്ട രോഹിത് 56 റണ്‍സെടുത്താണു പുറത്തായത്.

മനീഷ് പാണ്ഡെയും വിജയ് ശങ്കറും ചേര്‍ന്നു സ്കോർ മുന്നോട്ടു കൊണ്ടുപോയെങ്കിലും ജയിക്കാൻ അതു മതിയായിരുന്നില്ല. മനീഷ് പാണ്ഡെ പുറത്തായതിനു പിന്നാലെയെത്തിയ ദിനേഷ് കാർത്തിക്, നേരിട്ട എട്ടു പന്തുകളിൽനിന്ന് അഞ്ചു ബൗണ്ടറികള്‍ പറത്തി ഇന്ത്യയ്ക്കു കിരീടം നേടിക്കൊടുക്കുകയായിരുന്നു. അതിൽ മൂന്നു സിക്സറുകളും ഉൾപ്പെടുന്നു.

അർധ സെഞ്ചുറിയുമായി സാബിർ റഹ്മാൻ

അര്‍ധ സെഞ്ചുറി നേടിയ സാബിർ റഹ്മാന്റെ പ്രകടനത്തിലാണ് 20 ഓവറിൽ 166 റൺസെന്ന സ്കോറിലേക്ക് ബംഗ്ലദേശ് എത്തിയത്. ട്വന്റി20 കരിയറിലെ നാലാം അർധസെഞ്ചുറിയാണു സാബിർ ഇന്ത്യയ്ക്കെതിരെ നേടിയത്. 50 പന്തിൽ 77 റൺസെടുത്ത് താരം പുറത്തായി. ജയ്ദേവ് ഉനദ്ഘട്ടിന്റെ പന്തിൽ ബൗള്‍ഡാവുകയായിരുന്നു. ഏഴു ഫോറും നാലു സിക്സറുകളും ഉൾപ്പെടുന്നതാണ് സാബിർ റഹ്മാന്റെ ഇന്നിങ്സ്.

തമീം ഇഖ്ബാൽ (13 പന്തിൽ 15), ലിറ്റൻ ദാസ് (ഒൻപത് പന്തിൽ 11), സൗമ്യ സർക്കാർ (രണ്ട് പന്തിൽ ഒന്ന്), മുഷ്ഫിഖർ റഹീം (12 പന്തിൽ ഒൻപത്), മഹ്മൂദുല്ല (16 പന്തിൽ 21), ഷാക്കിബ് അൽ ഹസൻ ( ഏഴു പന്തിൽ ഏഴ്), റുബൽ ഹുസൈൻ (പൂജ്യം) എന്നിവരാണു ബംഗ്ലദേശ് നിരയിൽ പുറത്തായത്. 27 റൺസിൽ നിൽക്കവെയാണു ബംഗ്ലദേശിന്റെ ആദ്യ വിക്കറ്റു വീഴുന്നത്. 11 റണ്‍സ് നേടിയ ലിറ്റൻ ദാസിനെ വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ സുരേഷ് റെയ്ന ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഒരു റൺസ് പോലും കൂട്ടിച്ചേര്‍ക്കാൻ അനുവദിക്കാതെ ബംഗ്ലദേശിന്റെ രണ്ടാം വിക്കറ്റും ഇന്ത്യ വീഴ്ത്തി. ഉയർത്തിയടിച്ച തമീം ഇഖ്ബാലിനെ ഷാർദൂൽ താക്കൂര്‍ ബൗണ്ടറി ലൈനിനോടു ചേർന്നു പിടിച്ചെടുക്കുകയായിരുന്നു. ധവാനു ക്യാച്ച് നൽകി സൗമ്യ സർക്കാരും പുറത്തായി.

സാവധാനം റൺസ് ഉയര്‍ത്തുകയെന്ന തന്ത്രമായിരുന്നു പിന്നീട് ബംഗ്ലദേശ് പയറ്റിനോക്കിയത്. എന്നാൽ സ്കോർ 68ൽ നിൽക്കെ അവരുടെ അടുത്ത വിക്കറ്റും വീണു. വിജയ് ശങ്കറിന്റെ ക്യാച്ചിൽ മുഷ്ഫിക്കർ റഹീം പുറത്ത്. മഹ്മൂദുല്ലയും ഷാക്കിബ് അൽ ഹസനും റണ്ണൗട്ടായി മടങ്ങി. സാബിർ റഹ്മാനെയും തൊട്ടുപിന്നാലെയെത്തിയ റുബൽ ഹുസൈനെയും ഉനദ്ഘട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. ബംഗ്ലദേശ് നിരയിൽ മെഹിദി ഹസൻ മിറാസ് (ഏഴു പന്തിൽ 19) മുസ്തഫിസുര്‍ റഹ്മാൻ (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചഹൽ മൂന്നും ജയ്ദേവ് ഉനദ്ഘട്ട് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി. വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റ് വീഴ്ത്തി.