പ്രവേശനം തടഞ്ഞു: നിശാക്ലബിലേക്കു കാർ ഓടിച്ചുകയറ്റി യുവാവിന്റെ പരാക്രമം

ബ്ലേക് നിശാക്ലബിനു പുറത്ത് പൊലീസ് വാഹനം.

ലണ്ടൻ∙ നിശാക്ലബിൽ പ്രവേശനം നിഷേധിച്ചതിൽ നിരാശ പൂണ്ട് ഇരുപത്തൊന്നുകാരൻ വേദിയിലേക്കു കാർ ഓടിച്ചുകയറ്റി. ആക്രമണത്തിൽ 13 പേർക്കു പരുക്കേറ്റു. കൊലപാതക ശ്രമമെന്ന പേരിൽ ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തെക്കു – കിഴക്കൻ ഇംഗ്ലണ്ടിലെ കെന്റിലുള്ള ഗ്രേവ്സെൻഡിലാണു സംഭവം.

സംഭവത്തിൽ ആരും കൊല്ലപ്പെടാതിരുന്നത് അദ്ഭുതമാണെന്നു കെന്റ് പൊലീസ് അറിയിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല. ഗ്രേവ്സെൻഡിലെ ക്വീൻ സ്ട്രീറ്റിലുള്ള ബ്ലേക്ക് നിശാക്ലബ് ആണ് ആക്രമണത്തിനിരയായത്.

തർക്കമുണ്ടായതിനെത്തുടർന്ന് വൈകുന്നേരം യുവാവിനോടു നിശാക്ലബിൽനിന്നു പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീടു പ്രവേശിപ്പിച്ചില്ല. ഇതായിരിക്കാം പ്രകോപന കാരണമെന്നു വിലയിരുത്തപ്പെടുന്നു. സംഭവത്തിൽ ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. ടെന്റ് അടിച്ച, ജനക്കൂട്ടം തിങ്ങിനിറഞ്ഞ മേഖലയിലേക്കാണ് ഇയാൾ കാർ ഓടിച്ചുകയറ്റിയതെന്നു ദൃക്സാക്ഷികൾ അറിയിച്ചു.