റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടരുന്നു: നാലാം തവണയും അധികാരത്തിലേറാൻ പുടിൻ

വ്‌ളാഡിമർ പുടിൻ

മോസ്കോ∙ വ്‌ളാഡിമർ പുടിന് നാലാം തവണയും പ്രസിഡന്റ് സ്ഥാനം നൽകുന്നതിനായുള്ള റഷ്യൻ തിരഞ്ഞെടുപ്പ് തുടങ്ങി. ഇരട്ടച്ചാരനെ വധിച്ച സംഭവത്തിൽ രാഷ്ട്രം വിമർശനങ്ങൾ നേരിടുകയും യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റഷ്യയുടെ കിഴക്കൻ ഭാഗത്ത് ശനിയാഴ്ച തുടങ്ങിയ തിരഞ്ഞെടുപ്പ് യൂറോപ്പിനോടു ചേർന്നു കിടക്കുന്ന ഭാഗങ്ങളില്‍ ഞായറാഴ്ചയാണ്.

പുടിന് നിലവില്‍ കാര്യമായ വെല്ലുവിളികളൊന്നുമില്ലെങ്കിലും തിരഞ്ഞെടുപ്പിൽ മികച്ച പോളിങ് തന്നെ രേഖപ്പെടുത്തുമെന്നാണു കരുതുന്നത്. 18 വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ പ്രതിപക്ഷത്തെയടക്കം നിശബ്ദരാക്കിയാണ് പുടിന്‍ നാലാം തവണയും അധികാരത്തിലേറാന്‍ തയ്യാറെടുക്കുന്നത്. ‌പുടിന് 70% വോട്ടുകൾ കിട്ടുമെന്നാണ് ഔദ്യോഗിക സർവേ സൂചിപ്പിക്കുന്നത്. അദ്ദേഹം ഉൾപ്പെടെ എട്ടുപേരാണു മൽസരരംഗത്തുള്ളത്.

മൽസരിക്കാൻ വിലക്കുള്ള പ്രതിപക്ഷ നേതാവ് അലക്സി നവൽനി തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനു പിന്നാലെ, രാജ്യസ്നേഹത്തിന്റെ പേരിൽ വോട്ടുചെയ്യാൻ പുടിൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പുടിന്റെ രാഷ്ട്രീയ ഗുരുവായ അനൊറ്റലി സോബ്ചക്കിന്റെ മകളായ സെനിയ സോബ്ചക്കാണു സ്ഥാനാർഥികളിലെ ഗ്ലാമർതാരം. 2012ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് മൂന്നു സ്ഥാനാർഥികൾ മാത്രമാണ്.