നേർവ് ഏജന്റ് പരിശോധനയ്ക്കായി രാജ്യാന്തര വിദഗ്ധസംഘം; രാസവസ്തു ബ്രിട്ടന്റേതെന്ന് റഷ്യ

ലണ്ടൻ∙ റഷ്യൻ ചാരനുനേരെയുണ്ടായ നേർവ് ഏജന്റ് ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന ആരോപണം തെളിയിക്കാൻ ബ്രിട്ടൻ രാജ്യാന്തര വിദഗ്ധരുടെ സഹായം തേടുന്നു. ‘ഓർഗനൈസേഷൻ ഫോർ ദ പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിൽ’നിന്നുള്ള വിദഗ്ധ ശാസ്ത്രജ്ഞരെ ബ്രിട്ടനിലെത്തിച്ച് ആക്രമണത്തിനുപയോഗിച്ച രാസവസ്തു പരിശോധിപ്പിച്ച് ഉറവിടം കണ്ടെത്താനാണു ശ്രമം. ഇതിനായുള്ള വിദഗ്ധസംഘം ഇന്നു ബ്രിട്ടനിലെത്തുമെന്നു വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ അറിയിച്ചു. രണ്ടാഴ്ചകൊണ്ടേ ഇവരുടെ പരിശോധനാഫലം പുറത്തുവരൂ.

ഇതോടെ, ആക്രമണത്തിൽ റഷ്യയുടെ പങ്കു വ്യക്തമാകുമെന്ന ഉറച്ച വിശ്വാസത്തിലാണു ബ്രിട്ടിഷ് സർക്കാർ.

ഇതിനിടെ, ആക്രമണത്തിനുപയോഗിച്ച രാസവസ്തു നിർമിച്ചത് ബ്രിട്ടനിലെ വിൽറ്റ്ഷെയറിലുള്ള കെമിക്കൽ ലാബിലാണെന്നു റഷ്യ തിരിച്ചടിച്ചു. യൂറോപ്യൻ യൂണിയനിലെ റഷ്യൻ അംബാസിഡർ വ്ളാഡിമർ ചിഷോവാണു പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേരെയുണ്ടായ നേർവ് ഏജന്റ് ആക്രമണത്തിൽ കുറ്റമാരോപിച്ച് 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടനും 23 പേരെ തിരിച്ചു റഷ്യയും പുറത്താക്കി നയതന്ത്ര യുദ്ധം മുറുക്കുന്നതിനിടെയാണു ബ്രിട്ടന്റെ പുതിയ നീക്കം.

വരുംദിവസങ്ങളിൽ റഷ്യയ്ക്കെതിരെ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ റഷ്യയുടെ ഭാഗത്തുനിന്നും നിഷ്കളങ്കമായ പ്രതികരണമല്ല ഉണ്ടായതെന്നും ഇതുതന്നെ അവരുടെ പങ്കു വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.