കാറ്റിന്റെ ഗതി കിഴക്കേ‍‍ാട്ട്; രണ്ടു ദിവസം കൂടി ഇടിയേ‍ാടുകൂടിയ മഴ തുടർന്നേക്കും

പാലക്കാട് ∙ നാലു ദിവസമായി ലഭിക്കുന്ന മഴ മൂന്നു ദിവസം കൂടി തുടരാനിട. കിഴക്കൻ ഭാഗങ്ങളിൽ ഇടിയേ‍ാടുകൂടി കനത്ത മഴയുണ്ടാകുമെന്നാണു കെ‍ാച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല റഡാർ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമർദത്തിന്റെ ഭാഗമായി ഭൂമിയിൽ നിന്നു മൂന്നു കിലേ‍ാ മീറ്റർ മുകളിൽ മണിക്കൂറിൽ 25 കിലേ‍ാ മീറ്റർ വേഗത്തിലുള്ള കാറ്റ് പടിഞ്ഞാറുനിന്ന് കിഴക്കേ‍ാട്ടുള്ള ഗതിയിലാണ്.

മലബാർ ഭാഗത്താണു മഴ ഇപ്പേ‍ാൾ അധികം ലഭിക്കുന്നതെന്നു റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി. മനേ‍ാജ് പറഞ്ഞു. അറബിക്കടലിൽ നിന്നു കൂടുതൽ കാറ്റിനുള്ള സൂചനകളും ഇന്നലെ രാത്രിയേ‍ാടെ ലഭിച്ചു. അങ്ങനെയെങ്കിൽ കൂടുതൽ ദിവസം മഴയ്ക്കു സാധ്യതയുണ്ട്. സാധാരണ വ്യാപകമായി ലഭിക്കേണ്ട വേനൽമഴ ഇപ്പേ‍ാൾ പ്രാദേശികമായാണു പെയ്യുന്നത്. മണിക്കൂറിൽ 40 കിലേ‍ാമീറ്റർ വേഗത്തിൽ കാറ്റു നീങ്ങിയാൽ മഴ വ്യാപകമാകുമെന്നാണു കണക്കുകൂട്ടൽ.

തെക്കൻ പ്രദേശത്ത് മൺസൂൺ കുറഞ്ഞാലും തെക്കു–പടിഞ്ഞാറൻ കാറ്റുവഴിയുളള മഴയിൽ അതു പരിഹരിക്കപ്പെടും. ചൂടു കൂടുതൽ അനുഭവപ്പെട്ട പാലക്കാട് ജില്ലയിൽ നാലു ദിവസത്തിനിടെ ശരാശരി 62 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ, പട്ടാമ്പി, മുണ്ടൂർ സ്റ്റേഷനുകളിൽ നിന്നുളള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.