‘അവിശ്വാസവും’ ആഗോള ഇടിവും: വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ∙ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കവും ആഗോള വിണികളിലുണ്ടായ ഇടിവും ഓഹരി വിപണിക്കു തിരിച്ചടിയായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 100.90 പോയിന്റ് ഇടിഞ്ഞ് 10,094.30 ലാണു ക്ലോസ് ചെയ്തത്. 2017 ഡിസംബർ ഏഴിനു ശേഷം ഇതാദ്യമായാണു നിഫ്റ്റി 10,100നു താഴെ വ്യാപാരം അവസാനിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 252.88 പോയിന്റ് ഇടിഞ്ഞ് 32,923.12 ലാണു വ്യാപാരം അവസാനിപ്പിച്ചത്.

മെറ്റൽ‌, ബാങ്കിങ്, ഐടി, എനർജി ഉൾപ്പെടെയുള്ള ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലാണു വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മെറ്റൽ 2.67% വരെ വിലയിടിവ് നേരിട്ടു. ബിഎസ്ഇയിൽ ഇടത്തരം, ചെറുകിട വിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു. സൂചികാധിഷ്ഠിത ഓഹരികളിൽ ഏറ്റവുമധികം ഇടിവു നേരിട്ടതു ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, വിപ്രോ, യെസ് ബാങ്ക് എന്നിവയ്ക്കാണ്. എന്നാൽ എൻടിപിസി, മാരുതി സുസുക്കി, എച്ച്‌യുഎൽ, ലാർസെൻ എന്നിവ നേട്ടം കൊയ്തു.