വ്ലാഡിമിര്‍ പുടിൻ വീണ്ടും റഷ്യയുടെ അമരത്ത്; തിരഞ്ഞെടുപ്പു ജയം വെല്ലുവിളിയില്ലാതെ

മോസ്‌കോ ∙ റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ ജയമുറപ്പിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ (65). തുടർച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്നതോടെ, നാലുതവണയായി അധികാരക്കസേരയിൽ പുടിൻ കാൽനൂറ്റാണ്ടു തികയ്ക്കും. 75 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്റെ പടയോട്ടം.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിനു കാര്യമായ വെല്ലുവിളി ഉണ്ടായില്ല. പുടിന്റെ പ്രധാന വിമർശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവൽനിക്കു കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പിൽ മൽസരിക്കാനായില്ല. അദ്ദേഹം തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.

50 ശതമാനത്തിലേറെ പോളിങ് നടന്നതായാണ് പ്രാഥമിക സൂചനകൾ. പോളിങ് ശതമാനം താഴാതിരിക്കാൻ ഉദ്യോഗസ്ഥർ വോട്ടർമാരെ നിർബന്ധപൂർവം ബൂത്തുകളിലെത്തിച്ചതായി എതിരാളികൾ ആരോപിച്ചിരുന്നു. ഔദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ 74 ശതമാനത്തോളം വോട്ടുകൾ പുടിനു ലഭിക്കുമെന്നായിരുന്നു പ്രവചനം.

പുടിൻ അടക്കം എട്ടു സ്ഥാനാർഥികളാണു മൽസരരംഗത്തുണ്ടായിരുന്നത്. ആറു വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഫലസൂചനകള്‍ പുറത്തുവന്നതോടെ നടത്തിയ റാലിയില്‍ പുടിൻ വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞു.