ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു: സുഷമ സ്വരാജ് രാജ്യസഭയിൽ

ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾ സുഷമ സ്വരാജിനെ കാണാനെത്തിയപ്പോൾ (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി∙ ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ. ഡിഎൻഎ പരിശോധനയിലൂടെയാണു മരിച്ചവരെ തിരിച്ചറിഞ്ഞത്. കൂട്ടശവക്കുഴികളിൽ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്നും സുഷമ സ്വരാജ് പറഞ്ഞു. അടുത്തിടെ, കാണാതായവരുടെ ബന്ധുക്കളിൽനിന്നു ഡിഎന്‍എ പരിശോധനകൾക്കായി സാംപിൾ ശേഖരിച്ചിരുന്നു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ളവരാണു മരിച്ചത്.

ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെതന്നെ അവരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന ഐഎസ് ഭീകരരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട ഹർജിത് മാസിഹ് എന്ന ഇന്ത്യക്കാരന്റെ വെളിപ്പെടുത്തൽ ആദ്യംതന്നെ സുഷമ സ്വരാജ് തള്ളിയിരുന്നു. അന്ന് ഇതു സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകളൊന്നും സർക്കാരിന്റെ കൈവശമുണ്ടായിരുന്നില്ല. എന്നാൽ മാസിഹിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്നു സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ ഇന്നു കൈവശമുണ്ടെന്നു സുഷമ വ്യക്തമാക്കി. 38 മൃതദേഹങ്ങളും ആരുടേതാണെന്നു ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവസാന മൃതദേഹത്തിന് ഏഴുപതു ശതമാനത്തോളം സാമ്യം കണ്ടെത്താനും സാധിച്ചെന്നും സുഷമ സ്വരാജ് രാജ്യസഭയിൽ പറഞ്ഞു. ഇന്നലെയാണ് ‍ഡിഎൻഎ പരിശോധനയുടെ ഫലം കിട്ടിയത്.

സുഷമ സ്വരാജ്

ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണു കുഴിമാടം കണ്ടെത്തിയത്. എല്ലാവരുടെയും മൃതദേഹങ്ങൾ യഥാവിധി പ്രകാരം സംസ്കാരിക്കുന്നതിനായി അവ പുറത്തെത്തിക്കണമെന്ന് ഇറാഖി സർക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ കണ്ടെത്തുന്നതിനായുള്ള നടപടികൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. മൃതദേഹങ്ങളുടെ കൂമ്പാരമായിരുന്നു ഈ കുഴിമാടങ്ങളിലുണ്ടായിരുന്നത്. ആരെന്നു കണ്ടെത്താൻ ഈ മൃതദേഹങ്ങളെല്ലാം ബഗ്ദാദിലെത്തിച്ചു പരിശോധിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇതിനായി അദ്ഭുതാവഹമായ പ്രവർത്തനങ്ങളാണു കാഴ്ച വച്ചതെന്നും സുഷമ സ്വരാജ് സഭയെ അറിയിച്ചു. അതേസമയം, മരിച്ച ഇന്ത്യക്കാർക്ക് ആദരമർപ്പിച്ചു രാജ്യസഭ രണ്ടു മിനിറ്റ് മൗനമാചരിച്ചു.

അതേസമയം, ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ ബഗ്ദാദിൽനിന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെത്തിക്കുമെന്നു സുഷമ സ്വരാജ് പറഞ്ഞു. വി.കെ. സിങ് ഇതിനായി ഇറാഖിലേക്കു പോകും. മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിമാനം ആദ്യം അമൃത്സറിലേക്കും തുടർന്ന് പട്ന, കൊൽക്കത്ത എന്നിവടങ്ങളിലേക്കുമെത്തും. അതാതു സംസ്ഥാനങ്ങളിലെ ആൾക്കാരുടെ മൃതദേഹങ്ങൾ അവിടെയെത്തിക്കും.

2014 ജൂണിലാണു മൊസൂളിൽനിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഭീകരരിൽനിന്നു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു. ഒരു ആശുപത്രി നിർമാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്ന് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു.

ഇറാഖിൽ കാണാതായ ഇന്ത്യക്കാർ – കാത്തിരിപ്പിന്റെ നാലു വർഷങ്ങൾ

2014 ജൂൺ  :  ആഭ്യന്തരയുദ്ധം തുടരുന്ന ഇറാഖിൽ 40 ഇന്ത്യൻ നിർമാണത്തൊഴിലാളികളെ അൽഖായിദ ബന്ധമുള്ള ഐഎസ്‌ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി.തുർക്കി ഉടമസ്‌ഥതയിൽ മൊസൂളിൽ പ്രവർത്തിച്ച നിർമാണ കമ്പനിയിൽ നിന്ന് ബഗ്‌ദാദിലേക്കുള്ള യാത്രാമധ്യേ ജൂൺ 11 നാണ് ഇന്ത്യാക്കാരെ റാഞ്ചിയത്. പഞ്ചാബ്, ബംഗാൾ സ്വദേശികളായിരുന്നു ഇവരിൽ ഭൂരിപക്ഷവും.

2014 ജൂൺ: ഇറാഖിൽ ബന്ദികളാക്കപ്പെട്ട 40 ഇന്ത്യക്കാരിലൊരാൾ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള മൊസൂളിൽ നിന്നു രക്ഷപ്പെട്ടതായി വിവരം ലഭിച്ചു.

2014 നവംബർ : പിടിയിലായ 40 ഇന്ത്യാക്കാരിൽ 39 പേരെയും വധിച്ചതായി സൂചന. വാർത്ത വിശ്വസനീയമല്ലെന്നു കേന്ദ്ര സർക്കാർ. 

2016 ജനുവരി : ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ സുരക്ഷിതരെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പലസ്തീൻ അധികൃതർ അറിയിച്ചു.

2017 ജൂലൈ: ഇന്ത്യക്കാരെ പാർപ്പിച്ചുവെന്നു കരുതുന്ന ബാദുഷ് ജയിൽ ഐഎസ് തകർത്തതായി ഇറാഖ്. 39 ഇന്ത്യൻ പൗരൻമാർ കൊല്ലപ്പെട്ടോ അതോ ജീവനോടെയുണ്ടോ എന്നതു സംബന്ധിച്ചു വ്യക്തമായ വിവരമൊന്നുമില്ലെന്ന് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ ജാഫരി അറിയിച്ചു. തിരച്ചിൽ തുടരുമെന്നും മരിച്ചതായി തെളിവു കിട്ടുംവരെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്സഭയിൽ.

2018 മാർച്ച് 20: ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ.

ഹർജീത് മാനിഷ് – ഭാഗ്യം കാത്ത ജീവൻ

ഇറാഖിൽ ബന്ദികളാക്കപ്പെട്ട 40 ഇന്ത്യക്കാരിൽ  ഹർജീത് മാനിഷ് എന്ന പഞ്ചാബ് സ്വദേശി തീവ്രവാദികളുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടതായി 2014 ജൂണിൽ ഒരു ടിവി ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു ബംഗ്ലദേശ് തൊഴിലാളികളെ ഉദ്ധരിച്ചായിരുന്നു വാർത്ത. മറ്റുള്ളവരെ കൊലപ്പെടുത്തുന്നത് താൻ കണ്ടുവെന്ന് ഹർജിത് തങ്ങളോട് പറഞ്ഞുവെന്നാണ് ബംഗ്ലാദേശികളായ ഷാഫി ഇസ്‌ലാം, ഹസൻ എന്നിവർ വെളിപ്പെടുത്തിയത്. 40 ഇന്ത്യാക്കാരെയും നിരത്തിനിർത്തി വെടിവച്ചു. രണ്ടു വെടിയുണ്ടയേറ്റ് ഹർജീതും വീണു. എന്നാൽ അയാളുടെ പരുക്ക് ഗുരുതരമായിരുന്നില്ല. ഭീകരരുടെ മുന്നിൽ മരിച്ചതായി അഭിനയിച്ച് ഹർജീത് കിടന്നു. ഭീകരർ പോയപ്പോൾ രക്ഷപ്പെടുകയും ചെയ്‌തു. ഇതാണ് ബംഗ്ലദേശ് തൊഴിലാളികൾ പറഞ്ഞത്.