Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരിയാർ പ്രതിമയ്ക്കുനേരെ വീണ്ടും ആക്രമണം; ഇത്തവണ പുതുക്കോട്ടയിൽ

periyar-statue-puthukotai പുതുക്കോട്ടയിൽ തകർക്കപ്പെട്ട പെരിയാർ പ്രതിമ. ചിത്രം: എഎൻഐ, ട്വിറ്റർ

ചെന്നൈ∙ തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ പെരിയാർ (ഇ.വി.രാമസ്വാമി) പ്രതിമ അജ്ഞാത സംഘം തകർത്തു. കേസ് റജിസ്റ്റർ ചെയ്ത് അന്വഷണം ആരംഭിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒരുമാസമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പല പ്രമുഖരുടെയും പ്രതിമകൾക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.

നേരത്തേ, ബിജെപി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു അന്നു നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകർന്നു. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതുപോലെ തമിഴ്നാട്ടിൽ പെരിയാർ പ്രതിമകളും തകർക്കുമെന്നു എച്ച്.രാജ ഭീഷണിപ്പെടുത്തിയിരുന്നു.

ഇത് ആദ്യമായല്ല ഇ.വി.രാമസ്വാമിയുടെ പ്രതിമ തകർക്കാനുളള ആഹ്വാനവും ശ്രമങ്ങളും ഹിന്ദു സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബ്രാഹ്മണ്യത്തിനെതിരെയും അനാചരങ്ങൾക്കെതിരെയും ശക്തമായി പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ വൻ വിമർശനങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഹിന്ദു സംഘടനകൾ അഴിച്ചുവിട്ടിരുന്നത്. പെരിയാർ എന്ന വിളിപ്പേരിൽ പ്രശസ്തനായ ഈറോഡ് വെങ്കട രാമസാമി രൂപീകരിച്ചതാണു ദ്രാവിഡർ കഴകം. തമിഴകത്തു ദ്രാവിഡ നയങ്ങൾക്കും അതിലൂന്നിയ രാഷ്ട്രീയത്തിനും തുടക്കം കുറിക്കുന്നത് ഈ പ്രസ്ഥാനത്തിലൂടെയാണ്.