Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമരാജ്യ രഥയാത്ര തിരുനെൽവേലിയിൽ; സംഘർഷം, നിരോധനാജ്ഞ, അറസ്റ്റ്

Rama Rajya Rat h Yathra രാമരാജ്യ രഥയാത്ര തിരുനെൽവേലിയിലെത്തിയപ്പോൾ.

തിരുനെൽവേലി ∙ വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്ക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധവും സംഘർഷവും. രഥം ചൊവ്വാഴ്ച തിരുനെൽവേലിയിൽ പ്രവേശിച്ചപ്പോൾത്തന്നെ വിവിധ പാർട്ടികൾ പ്രതിഷേധവുമായി എത്തി. രഥം സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതു സമാധാന ലംഘനത്തിനിടയാക്കുമെന്ന് ആരോപിച്ച് ആക്ടിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. നാലു സ്വതന്ത്ര എംഎൽഎമാരും ഇവരോടൊപ്പമുണ്ടായിരുന്നു. തുടർന്നു റോഡിൽ കുത്തിയിരിപ്പു സമരം നടത്തിയ സ്റ്റാലിനെയും പാർട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സംസ്ഥാനത്തെ മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടാണു രഥയാത്ര വരുന്നതെന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സ്റ്റാലിൻ ആരോപിച്ചിരുന്നു. അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ രഥയാത്ര സംസ്ഥാനത്തേക്കെത്തുന്നതു കോടതിയലക്ഷ്യമാകും. വിഎച്ച്പിയുടെ സമ്മർദതന്ത്രമായി മാത്രമേ ഇതിനെ കാണാനാകൂ. അണ്ണാഡിഎംകെ സർക്കാരിനെതിരെയും സ്റ്റാലിൻ ആഞ്ഞടിച്ചു. സ്വന്തം സ്ഥാനവും സർക്കാരിനെയും സംരക്ഷിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി പളനിസാമി രഥയാത്രയ്ക്ക് അനുമതി നൽകിയതെന്നായിരുന്നു വിമർശനം.

അതിനിടെ, തിരുനെൽവേലിയിൽ രഥയാത്രയ്ക്കെതിരെ സമരം ശക്തമായതിനെത്തുടർന്നു സെക്‌ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 23 വരെ ഇതു തുടരും. വിടുതലെ ചിരുതൈഗൾ കക്ഷി (വിസികെ) അംഗങ്ങളാണ് ഇവിടെ പ്രതിഷേധവുമായി എത്തിയത്. ആയിരത്തിലേറെ പൊലീസുകാരെയാണു തമിഴ്നാട്ടിൽ രഥയാത്രയ്ക്കു സുരക്ഷയൊരുക്കാൻ വിന്യസിച്ചിരിക്കുന്നത്. ‌

സാമൂഹിക സൗഹാർദത്തിനു വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമർത്തുകയാണു നിരോധനാ‍ജ്ഞയിലൂടെ സർക്കാർ ചെയ്തതെന്നു നടൻ കമൽഹാസൻ ട്വീറ്റ് ചെയ്തു. വിഭജന രാഷ്ട്രീയ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു യാത്രയ്ക്കാണു സർക്കാർ പിന്തുണ അറിയിച്ചിരിക്കുന്നത്. ആരൊക്കെയോ പറയുന്നതു കേട്ടു തുള്ളുകയാണു തമിഴ്നാട് സർക്കാർ. രഥയാത്രയ്ക്കെതിരെ ജനങ്ങളുടെ അഭിപ്രായം കേൾക്കാനോ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കണക്കിലെടുക്കാനോ സർക്കാരിനു കഴിഞ്ഞില്ലെന്നും കമൽഹാസൻ ആരോപിച്ചു.

അയോധ്യയിൽനിന്ന് ആരംഭിച്ച് മാർച്ച് 25നു രാമേശ്വരത്ത് അവസാനിക്കുന്ന വിധത്തിലാണു രഥയാത്ര ക്രമീകരിച്ചിരിക്കുന്നത്. അയോധ്യയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ത്രിപുരയിലെ പ്രചാരണത്തിരക്കിനിടെ അതു നടന്നില്ല. വിഎച്ച്പി ജനറൽ സെക്രട്ടറി ചംപത്ത് റായ് ആണു പിന്നീടു രഥയാത്രയ്ക്കു തുടക്കം കുറിച്ചത്. അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന ആഹ്വാനവുമായാണു യാത്ര.

Ram-Rath-Yathra-Stalin നിയമസഭയ്ക്കു മുന്നിലെ റോഡിൽ കുത്തിയിരിപ്പു സമരം നടത്തിയ എം.കെ.സ്റ്റാലിനെയും ഡിഎംകെ എംഎൽഎമാരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ.

25 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച രഥം അയോധ്യയിൽ നിർമിക്കണമെന്നാവശ്യപ്പെടുന്ന ക്ഷേത്രത്തിന്റെ മാതൃകയിലാണ്. ബിജെപി നേതാക്കൾ യാത്രയിൽനിന്നു വിട്ടുനിൽക്കുകയാണ്. ആറു സംസ്ഥാനങ്ങൾ കടന്നാണു രഥയാത്ര രാമേശ്വരത്ത് അവസാനിക്കുന്നത്. കേരളത്തിൽനിന്നു ചെങ്കോട്ടയിലേക്കെത്തിയ രഥയാത്ര ചൊവ്വാഴ്ച തിരുനെൽവേലിയിലെത്തിയിട്ടുണ്ട്.

related stories