ഓഹരി വിപണി: നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിച്ചു

മുംബൈ∙ ഓഹരി വിപണി നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 73.64 പോയിന്റ് നേട്ടത്തിൽ 32,996.76 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 30.10 പോയിന്റ് ഉയര്‍ന്ന് 10,124.40 ലും ക്ലോസ് ചെയ്തു. വ്യാപാര ആരംഭത്തിൽ ഏഷ്യൻ വിപണിയിലെ നഷ്ടം ആഭ്യന്തര വിപണിയിൽ പ്രകടമായിരുന്നെങ്കിലും സൂചികകൾ തിരിച്ചുവരവു നടത്തിയിരുന്നു.

ബാങ്കിങ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്‌യു തുടങ്ങിയ പ്രമുഖ സെക്ടറുകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികാധിഷ്ഠിത ഓഹരികളിൽ കനത്ത ഇടിവ് നേരിട്ടത് വേദാന്തയ്ക്കാണ്. 6.54 ശതമാനം ഇടിവാണ് വേദാന്ത ഓഹരിക്കുണ്ടായത്. ബിപിസിഎൽ, ഒഎൻജിസി, സിപ്ല, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികൾ. ഭാരതി ഇൻഫ്രാടെൽ, ടെക് മഹീന്ദ്രാ, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, വിപ്രോ, അദാനി പോർട്സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ‍.