Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി ആവശ്യപ്പെട്ട് ആയിരക്കണക്കിന് യുവാക്കൾ റെയിൽപാളത്തിൽ; സ്തംഭിച്ച് മുംബൈ

Mumbai-Train-Protest സമരക്കാർ മുംബൈയിൽ റയിൽപാളങ്ങളിലേക്കിറങ്ങിയപ്പോൾ.

മുംബൈ ∙ നാസിക്കിൽനിന്നുള്ള കർഷകരുടെ പ്രതിഷേധജാഥയ്ക്കു പിന്നാലെ മുംബൈയിൽ വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രതിഷേധം പുകയുന്നു. തൊഴിൽരഹിതരായ ആയിരക്കണക്കിനു ചെറുപ്പക്കാരാണു ചൊവ്വാഴ്ച രാവിലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. റിക്രൂട്മെന്റ് പോലും നടത്താതെ റെയിൽവേ കബളിപ്പിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനെത്തുടർന്നു സബർബൻ എക്സ്പ്രസ് ട്രെയിനുകളുടെ സർവീസ് മണിക്കൂറുകളോളം മുടങ്ങി.

രാവിലെ ഏഴിന് ഏറെ തിരക്കേറിയ സമയത്താണു യുവാക്കൾ റെയിൽപ്പാളത്തിലിരുന്നു സമരം ആരംഭിച്ചത്. ഇതോടെ എല്ലാ സർവീസുകളും താളം തെറ്റി. ലക്ഷക്കണക്കിനു യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി. ഇപ്പോൾ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്. റയിൽവേ മന്ത്രി പീയുഷ് ഗോയലുമായി ചർച്ച ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണു യുവാക്കളുടെ തീരുമാനം. അതേസമയം, പാളത്തിൽനിന്നു സമരക്കാരെ ഒഴിപ്പിക്കുന്നതിനാണു മുഖ്യ പരിഗണനയെന്നു റെയിൽവേ വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണവുമായി പീയുഷ് ഗോയലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രംഗത്തെത്തി.

മാട്ടുംഗയ്ക്കും ദാദർ സ്റ്റേഷനും ഇടയിലാണു യുവാക്കൾ സമരവുമായി റെയിൽപാളങ്ങളിലേക്കിറങ്ങിയത്. ഓൾ ഇന്ത്യ ആക്ട് അപ്രന്റിസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഈ അപ്രതീക്ഷിത സമരം. അതോടെ മാട്ടുംഗയ്ക്കും ഛത്രപതി ശിവജി ടെർമിനസിനും ഇടയ്ക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തലാക്കേണ്ടി വന്നു. പാളത്തിൽനിന്നു മാറാതിരുന്നതോടെ പൊലീസും ആർപിഎഫും റെയിൽവേ ഉദ്യോഗസ്ഥരും ചർച്ചയ്ക്കായെത്തി. എന്നാൽ സമരക്കാർ പിന്മാറിയില്ല.

നാലു വർഷമായി റെയിൽവേ റിക്രൂട്മെന്റ് നടത്തിയിട്ടെന്നു യുവാക്കൾ ആരോപിക്കുന്നു. സമരക്കാരിലേറെയും റെയിൽവേയുടെ അപ്രന്റിസ് പരീക്ഷ പാസായവരാണ്. താൽക്കാലിക ജോലിയിൽ 20 ശതമാനം ഇത്തരക്കാർക്കായി റെയിൽവേ നീക്കിവച്ചിട്ടുണ്ട്. ഇതു സ്ഥിരംതൊഴിലാക്കണമെന്നാണ് ആവശ്യം. എല്ലാ സംസ്ഥാനത്തും പ്രാദേശികമായി ഈ ഒഴിവുകൾ സംവരണം ചെയ്യണമെന്നും ഓൾ ഇന്ത്യ റെയിൽവേ ആക്ട് അപ്രന്റിസ് പരീക്ഷ പാസായവർക്കു റിക്രൂട്മെന്റിൽ മുൻഗണന വേണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.

അപ്രന്റിസുമാരെ പലയിടത്തേക്കായി ‘തട്ടിക്കളിക്കുകയാണ്’. ഇതിനോടകം 10 യുവാക്കളെങ്കിലും പ്രതീക്ഷിച്ച റെയിൽവേ ജോലി ലഭിക്കാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്. മുംബൈ ഡിവിഷനൽ റെയിൽവേ മാനേജർക്കു പരാതി നൽകിയിട്ടും നടപടിയാകാത്തതിനെത്തുടർന്നാണു പ്രതിഷേധമെന്നും സമരക്കാർ അറിയിച്ചു. അതിനിടെ പൊലീസ് ലാത്തിപ്രയോഗം നടത്തിയെന്നും വിമർശനമുണ്ട്. യുവാക്കള്‍ ട്രെയിനുകൾക്കു നേരെ കല്ലെറിഞ്ഞതിനെത്തുടർന്നാണ് പൊലീസ് ഇടപെട്ടതെന്നു മുഖ്യമന്ത്രി ഫഡ്നാവിസ് നിയമസഭയിൽ പറഞ്ഞു. 20% തൊഴിൽ അപ്രന്റിസുമാർക്കായി നീക്കിവച്ചിട്ടുണ്ട്. അതിൽ കൂടുതലാണ് അവർ ആവശ്യപ്പെടുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

ഉദ്യോഗാർഥികൾ സമരം പിൻവലിച്ചെന്നും വിഷയത്തിൽ കൂടുതൽ ചർച്ച നടത്തുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. റെയിൽവേയിലേക്കു വന്‍തോതിൽ റിക്രൂട്മെന്റ് നടക്കുന്നുണ്ട്. സുപ്രീംകോടതി നിർദേശിച്ചതു പ്രകാരം പക്ഷപാതരഹിതവും സുതാര്യവുമായായാണ് അതെന്നും മന്ത്രി വ്യക്തമാക്കി.

related stories