Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽക്കിളികളെ നേരിടാൻ കീഴാറ്റൂരിൽ ‘നാടിനു കാവൽ’ സമരപ്പന്തലുമായി സിപിഎം

vayalkilikal-paddy-field ദേശീയപാത നിർമാണത്തിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന കീഴാറ്റൂരിലെ വയൽ. (ഫയൽ ചിത്രം)

തളിപ്പറമ്പ്∙ കീഴാറ്റൂരിൽ സിപിഎമ്മിന്റെയും സമരപ്പന്തൽ വരുന്നു. 25ന് കീഴാറ്റൂരിൽ കിളികളുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം ആരംഭിക്കുന്നതിന്റെ തലേ ദിവസമായ 24ന് 3000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബഹുജന പ്രകടനവും കീഴാറ്റൂർ സംരക്ഷണ ജനകീയ സമിതി പ്രഖ്യാപനമാണു സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്നത്. ഇതോടൊപ്പം നാടിനു കാവൽ എന്ന രീതിയിലാണു സിപിഎമ്മിന്റെയും സമരപ്പന്തൽ വരുന്നത്. എവിടെ സമരപ്പന്തൽ സ്ഥാപിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

വയൽ കിളികളുടെ രണ്ടാംഘട്ട സമരപ്പന്തൽ വരുന്നതിന് അനുസരിച്ചായിരിക്കും ഈ നീക്കം. 24ന് നാലിന് കിഴാറ്റൂർ ഇഎംഎസ് സ്മാരക വായനശാല കേന്ദ്രീകരിച്ചാണ് മൂവായിരത്തോളം പേർ പങ്കെടുക്കുന്ന പ്രകടനം തളിപ്പറമ്പ് ടൗണിലേക്കു നടത്തുകയെന്ന് ഏരിയ സെക്രട്ടറി പി. മുകുന്ദൻ മനോരമയോടു പറഞ്ഞു. തുടർന്ന് ടൗൺ സ്ക്വയറിൽ നടക്കുന്ന ജനകീയ കൺവൻഷനിൽ ജില്ലയിലെ എംഎൽഎമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. ബൈപ്പാസിനു വേണ്ടി ഭൂമി വിട്ടു നൽകിയവരെയും സമരത്തിൽ പങ്കെടുപ്പിക്കും.

കീഴാറ്റൂരിൽ ഉള്ളവർ സമരംനടത്തുന്ന തങ്ങൾക്ക് എതിർപ്പില്ലെന്നും പുറത്തുനിന്ന് ആളുകളെത്തി സംഘർഷത്തിന് ഇടയാക്കുന്നതാണു സിപിഎം എതിർക്കുന്നതെന്നുമാണു പാർട്ടി നിലപാട്. അതുകൊണ്ടാണു നാടിനു കാവൽ എന്ന ആശയവുമായി പ്രചരണവും സമരവും ആരംഭിക്കുന്നത്. 25ന് വയൽ കിളികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗണിൽനിന്നു രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കീഴാറ്റൂരിലേക്കു പ്രകടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമരം ഉദ്ഘാടനത്തിൽ വി.എം. സുധീരൻ, സുരേഷ് ഗോപി എന്നിവരെ പങ്കെടുപ്പിക്കാനാണു തീരുമാനം. പാർട്ടി ഗ്രാമമായ ഇവിടെ സിപിഎമ്മിന്റെ സമരവും ആരംഭിക്കുന്നതോടെ കീഴാറ്റൂർ സംഘർഷാവസ്ഥയിലേക്ക് നീളുകയാണ്.