യുപിയിൽ അമിത് ഷാ തന്ത്രം ജയിക്കുമോ? ആശങ്കയോടെ അഖിലേഷും മായാവതിയും

ബിജെപി അധ്യക്ഷൻ ‌അമിത് ഷാ. (ഫയൽ ചിത്രം)

ലക്നൗ∙ ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ നിർണായകമായ രണ്ടു സീറ്റുകളിലെ തോൽവിക്കു ‘മധുര പ്രതികാരം’ ചെയ്യാനൊരുങ്ങി ബിജെപി അധ്യക്ഷൻ ‌അമിത് ഷാ. ഗോരഖ്പുർ, ഫുല്‍പുർ ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപിയെ അട്ടിമറിച്ചു ശക്തമായി തിരിച്ചെത്തിയ എസ്പി-ബിഎസ്പി സഖ്യത്തിനാണ് അമിത് ഷാ ‘പ്രഹര’സൂചന നൽകിയത്.

23ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബുധൻ രാവിലെ നടന്ന സമാജ്‍വാദി (എസ്പി) പാര്‍ട്ടി യോഗത്തിൽനിന്ന് ഏഴ് എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. ഇതു അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമാണെന്നാണു വിലയിരുത്തൽ. എംഎൽഎമാർ വിട്ടുനിന്നത് എസ്പി നേതാവ് അഖിലേഷ് യാദവിനും ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതിക്കും ക്ഷീണമായി. കാൽനൂറ്റാണ്ടുകാലത്തെ വൈരാഗ്യം മറന്നു ബിജെപിയെ തോൽപിക്കാൻ അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചിരുന്നു.

10 രാജ്യസഭാ സീറ്റുകളിലേക്കാണു യുപിയിൽ തിരഞ്ഞെടുപ്പ്. ബിജെപിക്ക് ഒൻപത്, എസ്പിക്കും ബിഎസ്പിക്കും ഒന്നു വീതം സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 37 അംഗങ്ങളുടെ വോട്ടുവേണം ജയിക്കാൻ. 311 അംഗങ്ങളുള്ള ബിജെപിക്കു എട്ടു പേരുടെ വിജയം ഉറപ്പാണ്. ബാക്കി രണ്ടു സീറ്റുകളിലാണു പ്രശ്നം. ജയിക്കില്ലെന്ന് ഉറപ്പില്ലാതിരുന്നിട്ടും അധികമായി ഒരു സ്ഥാനാർഥിയെ നിർത്തി ബിജെപി മത്സരം കടുപ്പിച്ചു. 47 അംഗങ്ങളുള്ള എസ്പിക്ക് അവരുടെ സ്ഥാനാർഥി ജയിക്കുമെന്നുറപ്പാണ്. എന്നാൽ 19 സീറ്റുകള്‍ മാത്രമുള്ള ബിഎസ്പിക്കു ജയിക്കാൻ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.

യുപി ഉപതിരഞ്ഞെടുപ്പിനു പിന്നാലെ രാജ്യസഭാ തിരഞ്ഞെടുപ്പിലും സഹകരിക്കാനാണു എസ്പി–ബിഎസ്പി ധാരണ. തങ്ങൾക്കു അധികമുള്ള 10 വോട്ട് മായാവതിയുടെ സ്ഥാനാർഥിക്കു നൽകുമെന്ന് അഖിലേഷ് അറിയിച്ചിട്ടുമുണ്ട്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദൾ കൂടി പിന്തുണക്കുന്നതോടെ ജയിക്കാമെന്നായിരുന്നു മായാവതിയുടെ കണക്കുകൂട്ടൽ. ഈ മോഹത്തിന്മേലാണു അമിത് ഷാ ആണിയടിച്ചത്. അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെയുള്ള സാമാജികരാണു യോഗത്തിൽനിന്നു വിട്ടുനിന്നത്.

എംഎൽഎമാരുടെ വോട്ടുകൾ ബിജെപി സ്ഥാനാർഥിക്കു മാറിപ്പോകുമോ എന്ന കടുത്ത ആശങ്കയിലാണ് എസ്പിയും ബിഎസ്പിയും. ശിവ്പാൽ യാദവിനോടു കൂറുള്ള എംഎൽഎമാർ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി റാം നാഥ് കോവിന്ദിനാണു വോട്ട് ചെയ്തത്. രാജ്യസഭാ തിരഞ്ഞെടുപ്പിലും ഈ നീക്കം ആവർത്തിക്കുമോ എന്നാണു ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയുണ്ടായാൽ അമിത് ഷായുടെ ‘ചാണക്യതന്ത്രം’ വീണ്ടും വാഴ്‍ത്തപ്പെട്ടേക്കാം.

അതേസമയം, ഉപതിരഞ്ഞെടുപ്പുകളിലെ മികച്ച വിജയം ‘ആഘോഷിക്കാൻ’ എസ്പി ബുധനാഴ്ച രാത്രി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി അനുഭാവികൾക്കും രാഷ്ട്രീയ സുഹൃത്തുക്കൾക്കുമായി വിരുന്നൊരുക്കിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും ഒപ്പമുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിരുന്ന്. എല്ലാ എംഎല്‍എമാരും വിരുന്നിൽ പങ്കെടുക്കുമെന്ന് എസ്പി നേതാവും എംഎൽഎയുമായ പ്രശാന്ത് യാദവ് വ്യക്തമാക്കി.