Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയതന്ത്രജ്ഞർ രാജ്യം വിട്ടു; റഷ്യക്കെതിരായ നടപടികൾ എതിർത്ത് കോർബിൻ

BRITAIN-RUSSIA-ESPIONAGE റഷ്യൻ നയതന്ത്രജ്ഞരുടെ കുടുംബം വിമാനത്താവളത്തിലേക്കു പുറപ്പെടുന്നു

ലണ്ടൻ∙ നേർവ് ഏജന്റ് ആക്രമണത്തിൽ റഷ്യൻ പങ്ക് ആരോപിച്ച് ബ്രിട്ടൻ പുറത്താക്കിയ 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടു. ബ്രിട്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽനിന്നാണ് ഇന്നലെ റഷ്യൻ ഉദ്യോഗസ്ഥസംഘം കുടുംബസമേതം യാത്രയായത്. റഷ്യൻ എംബസിയിൽനിന്നും കനത്ത കാവലിൽ പ്രത്യേക വാഹനത്തിലായിരുന്നു 80 പേരടങ്ങുന്ന സംഘത്തെ വിമാനത്താവളത്തിൽ എത്തിച്ചത്.

റഷ്യൻ ചാരനായിരുന്ന സെർജി സ്ക്രിപാലിനും മകൾ യൂലിയക്കും വിഷബാധയേറ്റ സംഭവത്തിൽ റഷ്യയുടെമേൽ കുറ്റം ആരോപിച്ച് കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടൺ 23 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടത്. ഇതിനു പകരമായി 23 ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കിയിരുന്നു.

ഇതിനിടെ ആക്രമണത്തിൽ റഷ്യൻ പങ്കാളിത്തം ഇനിയും ഉറപ്പാക്കാനാകാത്ത സാഹചര്യത്തിൽ റഷ്യക്കെതിരേ സർക്കാർ സ്വീകരിക്കുന്ന കടുത്ത നടപടികളെ വിമർശിച്ച് പ്രതിപക്ഷനേതാവ് ജെറമി കോർബിൻ രംഗത്തെത്തി. താൻ അധികാരത്തിലെത്തിയാൽ റഷ്യയോടും പുടിൻ ഭരണകൂടത്തോടുമുള്ള അന്ധമായ വിരോധം മാറ്റിവച്ച് വ്യാപാര- നയതന്ത്ര ബന്ധങ്ങൾ തുടരുമെന്നായിരുന്നു കോർബിന്റെ പ്രഖ്യാപനം. റഷ്യയെ സംശയത്തിന്റെ മുൾമുനയിൽ നിർത്താതെ വ്യക്തമായ അന്വേഷണത്തിലൂടെ അവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നു സംശയാതീതമായി തെളിയിക്കുകയാണു സർക്കാർ ചെയ്യേണ്ടതെന്നും കോർബിൻ പറഞ്ഞു. ഇതോടെ യൂറോപ്യൻ സഖ്യകക്ഷികളെയും അമേരിക്കയേയും കൂട്ടുപിടിച്ച് റഷ്യയെ വരിഞ്ഞുമുറുക്കാനുള്ള തെരേസ മേയുടെ ശ്രമങ്ങൾക്ക് ഊർജം കുറഞ്ഞു

ഇന്നലെ ചേർന്ന നാഷനൽ സെക്യൂരിറ്റി മീറ്റിങ്ങിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നു പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കോർബിന്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ തൽക്കാലം കൂടുതൽ നടപടികൾ വേണ്ട എന്ന തീരുമാനമാണ് യോഗം കൈക്കൊണ്ടത്.  

related stories