ശബ്ദസന്ദേശമോ എസ്എംഎസോ; ആധാർ ബന്ധിപ്പിക്കലിന്റെ അവസാനതീയതി വ്യക്തമാക്കരുത്

ന്യൂഡൽഹി∙ ആധാർ ബന്ധിപ്പിക്കലിന്റെ അവസാന തീയതി വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ അയയ്ക്കരുതെന്നു മൊബൈൽ കമ്പനികൾക്കു ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ നിർദേശം. മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയയ്ക്കുന്ന ശബ്ദ സന്ദേശങ്ങളിലോ എസ്എംഎസുകളിലോ അവസാന തീയതി എന്നാണെന്ന വിവരം ഉൾപ്പെടുത്തരുതെന്നാണു നിർദേശം.

കെവൈസി പ്രകാരം ആധാർ ബന്ധിപ്പിക്കലിനുള്ള തീയതി സംബന്ധിച്ച് സുപ്രീംകോടതി അന്തിമ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അവസാന വാദം കേട്ടു വിധി പ്രസ്താവിക്കുന്നതുവരെ കാലാവധി നീട്ടിനൽകുകയായിരുന്നു. അതിനാൽ ഇതുസംബന്ധിച്ച എന്തു ആശയവിനിമയവും ശബ്ദസന്ദേശമോ എസ്എംഎസോ ആധാർ ബന്ധിപ്പിക്കലിന്റെ അവസാന തീയതി പരാമർശിക്കരുതെന്നാണു നിർദേശം.

ഈമാസം 13നു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിലവിലെ നിർദേശം.