ചൈനീസ് ‘വ്യാജന്മാരെ’ ലക്ഷ്യമിട്ട് യുഎസ്; ഉപരോധം ഏർപ്പെടുത്താൻ നീക്കം

വാഷിങ്ടൻ ∙ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു ചൈനയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ യുഎസ് തയാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസ് ഉൽപന്നങ്ങളുടെ ‘ചൈനീസ് പതിപ്പുകൾ’ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികളുമായുള്ള യുഎസിന്റെ രംഗപ്രവേശം. നീണ്ട കാലത്തെ ചർച്ചകളിലൂടെയും ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിൽ ട്രംപ് ഭരണകൂടം ചൈനയ്ക്കെതിരായ നടപടികൾ ശക്തമാക്കുമെന്നാണ് അറിയുന്നത്.

ഇറക്കുമതി തീരുവയിലെ വൻ വർധന ഉൾപ്പെടെയുള്ള നടപടികളാണ് യുഎസ് ആസൂത്രണം ചെയ്യുന്നത്. 30 ബില്യൻ ഡോളറിനും 60 ബില്യൻ ഡോളറിനുമിടയിലുള്ള തീരുവ ചുമത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. നിക്ഷേപം നിയന്ത്രിക്കുന്നതിനുള്ള മറ്റു നടപടികളും ആലോചിക്കുന്നുണ്ട്.

മാത്രമല്ല, ‘ബൗദ്ധിക സ്വത്തു മോഷണ’വുമായി ബന്ധപ്പെട്ട് ലോക വ്യാപാര സംഘടനയിൽ പരാതി നൽകാനും യുഎസ് നീക്കം തുടങ്ങി. അതേസമയം, യുഎസ് എന്തു നടപടി കൈക്കൊണ്ടാലും പ്രതിരോധിക്കാൻ സന്നദ്ധരാണെന്ന് ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.