രാസവസ്തു പ്രയോഗം: റഷ്യൻ സ്ഥാനപതികളെ തിരികെ വിളിക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ

സെർഗെയ് സ്ക്രീപലും മകൾ യുലിയയും

ബ്രസൽസ്∙ ബ്രിട്ടന്‍ അഭയം നൽകിയ ഇരട്ടച്ചാരനു നേരെയുണ്ടായ വധശ്രമത്തിൽ റഷ്യയ്ക്കെതിരായ നിലപാടു കടുപ്പിച്ചു യൂറോപ്യൻ രാഷ്ട്രങ്ങൾ. യൂറോപ്യൻ‌ രാജ്യങ്ങളുടെ റഷ്യയിലുള്ള സ്ഥാനപതികളെ ഉടൻ പിൻവലിക്കാൻ യൂറോപ്യൻ നേതാക്കളുടെ തീരുമാനം. യൂറോപ്യൻ രാഷ്ട്രങ്ങളിലുള്ള റഷ്യയുടെ പ്രതിനിധികളെ പുറത്താക്കാനും പല രാഷ്ട്രങ്ങളും ആലോചിക്കുന്നുണ്ട്.

ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടെയും റഷ്യയിലെ സ്ഥാനപതികളെ തിരിച്ചുവിളിക്കുന്ന കാര്യം സ്ഥിരീകരിച്ചു. ഇരട്ടച്ചാരനു നേരെയുണ്ടായ നേര്‍വ് ഏജന്റ് ആക്രമണത്തിൽ റഷ്യൻ ഫെഡറേഷനാണു പ്രതിസ്ഥാനത്തു നിൽക്കുന്നത്. ഇക്കാര്യത്തില്‍ മറ്റൊരു കക്ഷിയെ കുറ്റം ചുമത്താനാകില്ലെന്ന് 28 നേതാക്കൾ പങ്കെടുത്ത യോഗം വിലയിരുത്തി. റഷ്യയ്ക്കെതിരെ ബ്രിട്ടന്റെ നേതൃത്വത്തിൽ എടുക്കുന്ന നടപടികൾ പരിശോധിച്ചു വരികയാണെന്നു ലിത്വാനിയൻ പ്രസിഡന്റ് ഡാലിയ ഗ്രിബോസ്കറ്റ് പറഞ്ഞു. 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഉന്നതതലങ്ങളിൽ റഷ്യയ്ക്കെതിരായ നടപടികളും ബ്രിട്ടൻ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികളാണു തങ്ങളും പരിഗണിക്കുന്നത്– അവര്‍ പറഞ്ഞു.

വിഷ രാസവസ്തു മൂലം ബോധം പോയനിലയിലാണു സെർഗെയ് സ്ക്രീപലി(66)നെയും മകൾ യുലിയ(33)യെയും സോൾസ്ബ്രിയിലെ മാൾട്ടിങ്സ് ഷോപ്പിങ് സെന്ററി‍ലെ ബെഞ്ചിൽ കണ്ടെത്തിയത്. ഈ സംഭവത്തില്‍ റഷ്യയ്ക്കു പങ്കുള്ളതായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. റഷ്യ വികസിപ്പിച്ചതിനു സമാനമായ രാസവസ്തുവാണു സ്ക്രീപലിനു നേരേ പ്രയോഗിച്ചതെന്നാണു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നിലപാട്. സ്ഥാനപതികളെ പുറത്താക്കിയതിനു മറുപടിയായി റഷ്യ 23 ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കി. സെന്റ് പീറ്റേഴ്‌സ്ബർഗിലെ യുകെ കോൺസുലേറ്റ് ജനറലും റഷ്യ അടപ്പിച്ചിരുന്നു.