മാണിയുമായി ബന്ധം വേണ്ടെന്ന് ഡി. രാജ; കാനമാണ് ശരിയെന്ന് സിപിഐ

സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ.

ന്യൂഡൽഹി∙ കേരള കോൺഗ്രസ് എമ്മുമായി സഹകരിക്കേണ്ടെന്ന സംസ്ഥാന ഘടകത്തിന്റെ നിലപാടിനു സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടു തന്നെയാണു കേന്ദ്രത്തിനുമെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. മാണിയുമായി സഹകരിക്കണമോയെന്നു തീരുമാനിക്കേണ്ടതു സംസ്ഥാന ഘടകമാണ്. കേരളത്തിലെടുത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും രാജ വ്യക്തമാക്കി.

കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചു സിപിഎം, സിപിഐ കേന്ദ്ര നേതാക്കൾ കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയമായിരുന്നു. വിഷയം കേരളത്തിൽ തന്നെ ഇരുപാർട്ടികളും ചർച്ച ചെയ്തു തീരുമാനിക്കട്ടെയെന്നാണു നേതാക്കൾ ചർച്ചയ്ക്കുശേഷം പറഞ്ഞത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പു കണക്കിലെടുത്തു കെ.എം. മാണിക്കെതിരെയുള്ള പരസ്യ വിമർശനമെങ്കിലും സിപിഐ ഒഴിവാക്കണമെന്നു സിപിഎം നേതാക്കൾ അഭ്യർഥിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ സാധ്യമല്ലെന്നു സിപിഐ നേതാക്കൾ മറുപടി നൽകി.

പൊളിറ്റ് ബ്യൂറോ (പിബി) നിർദേശപ്രകാരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള എന്നിവർ സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി, േദശീയ സെക്രട്ടറി ഡി. രാജ എന്നിവരുമായിട്ടാണു ചർച്ച നടത്തിയത്. സിപിഎം ആസ്ഥാനമായ എകെജി ഭവനിലായിരുന്നു ചർച്ച. മാണിയെ എൽഡിഎഫിൽ‍ ഉൾപ്പെടുത്താനാവില്ലെന്നു സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ചർ‍ച്ചകൊണ്ടു കാര്യമില്ലാത്ത സ്ഥിതിയായിരുന്നുവെന്നു സിപിഎം നേതാക്കൾ സൂചിപ്പിച്ചു.

മാണിയുടെ കാര്യത്തിൽ രണ്ടു പാർട്ടികളും നേരത്തേ പരസ്യമായി നിലപാടെടുത്തതാണ്. ഇപ്പോൾ ചെങ്ങന്നൂർ തിരഞ്ഞെടുപ്പാണു പ്രധാന വിഷയം. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തണമെന്നതിൽ തർക്കമില്ല. കേരളത്തിലെ വിഷയം അവിടത്തെ നേതാക്കൾ ചർച്ച ചെയ്യട്ടെ – ചർച്ചയ്ക്കുശേഷം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.