പ്രതീക്ഷിച്ച ജയം നേടി വീരേന്ദ്രകുമാർ; എൽഡിഎഫിന്റെ ഒരുവോട്ട് അസാധു

തിരുവനന്തപുരം∙ കേരളത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ജെ‍ഡിയു നേതാവ് എം.പി. വീരേന്ദ്രകുമാറിനു ജയം. 89 വോട്ടുകൾ നേടിയാണ് വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാർഥി ബാബുപ്രസാദിന് 40 വോട്ടുകൾ മാത്രമാണു ലഭിച്ചത്. യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

കേരള കോണ്‍ഗ്രസിലെ ഒന്‍പത് അംഗങ്ങളും, ബിജെപി അംഗം ഒ.രാജഗോപാലും പി.സി. ജോര്‍ജും വോട്ടെടുപ്പില്‍നിന്ന്് വിട്ടുനിന്നു. ആരോഗ്യകാരണങ്ങളാല്‍ അഹമ്മദ് കബീര്‍ എംഎല്‍എയും വോട്ടുചെയ്യാനെത്തിയില്ല.

അതിനിടെ, കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഏജന്‍റിനെ നിയോഗിക്കാത്ത സിപിഐ, ജെഡിഎസ്, എൻസിപി എന്നിവരുടെ വോട്ടുകള്‍ എണ്ണരുതെന്ന ആവശ്യവുമായി പ്രതിപക്ഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാന വരണാധികാരി പ്രതിപക്ഷത്തിന്റെ പരാതി തള്ളിയതിനെ തുടർന്നാണ് അവർ കമ്മിഷനെ സമീപിച്ചത്. പോളിങ് ഏജന്‍റ് വേണമെന്നു തിരഞ്ഞെടുപ്പ് ചട്ടത്തില്‍ നിബന്ധനയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പരാതി തള്ളിയത്.