ഇതുപോലെയെങ്കിൽ ഇനി ഒപ്പിടില്ല: ധനവിനിയോഗ ബിൽ അനുവദിച്ച് ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

വാഷിങ്ടൻ∙ വീറ്റോ ഭീഷണിക്കൊടുവില്‍ കോണ്‍ഗ്രസ് പാസാക്കിയ ധനവിനിയോഗ ബില്ലിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുമതി. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന ബില്‍ വീറ്റോ ചെയ്യാന്‍ പോകുന്നുവെന്നുള്ള ട്രംപിന്റെ ട്വീറ്റ് ഏറെ ആശങ്കകള്‍ക്കു വഴിവച്ചിരുന്നു.

മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് അമേരിക്ക പോകുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. വിവിധ കാര്യങ്ങളാല്‍ ബില്ലില്‍ താന്‍ അസംതൃപ്തനാണ്. ഇതുപോലെ മറ്റൊരു ബില്ലില്‍ താന്‍ ഒപ്പുവയ്ക്കില്ലെന്നു താക്കീതു നല്‍കിയാണു ധനവിനിയോഗ ബില്ലിനു പ്രസിഡന്റ് അനുമതി നല്‍കിയത്. ആറു മാസത്തേക്കു സർക്കാരിനു ചെലവിനുള്ള 1.3 ട്രില്യൻ ഡോളറാണ് ഇപ്പോൾ അനുവദിക്കപ്പെട്ടത്. ഇതിൽ 1.6 ബില്യൻ ഡോളർ അതിർത്തി സുരക്ഷയ്ക്കു വേണ്ടിയാണ്.

കഴിഞ്ഞമാസവും ചെറിയ സാമ്പത്തിക പ്രതിസന്ധിക്കും ആശങ്കയ്ക്കും വഴിവച്ചാണ് ധനകാര്യ ബിൽ പാസായത്. അന്നു കോൺഗ്രസിലെ റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളിന്റെ എതിർപ്പായിരുന്നു പ്രതിസന്ധിക്കു കാരണം. ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ച്, പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി സാമ്പത്തിക ബില്ലിനെതിരെ ജനുവരിയിൽ വോട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നു മൂന്നു ദിവസം പണമില്ലാതെ സർക്കാരിനു പ്രവർത്തിക്കേണ്ടി വന്നു.