മാതാപിതാക്കൾക്ക് ഐഎസ് ബന്ധം: 20 കുട്ടികളെ സർക്കാർ സംരക്ഷണത്തിലേക്കു ബ്രിട്ടൻ മാറ്റി

Representational Image

ലണ്ടൻ∙ മാതാപിതാക്കൾക്ക് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 20 കുട്ടികളെ സർക്കാരിന്റെ സംരക്ഷണത്തിലേക്കു മാറ്റി. ഇതിൽ ഒരു വയസുകാരനും ഉൾപ്പെടുന്നു. ചില കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയപ്പോൾ ചിലരെ ബന്ധുക്കൾക്കൊപ്പമാണു വിട്ടയച്ചത്. ചിലരെ മാതാപിതാക്കൾക്കൊപ്പം വിട്ടെങ്കിലും മാതാപിതാക്കൾ സിറിയയിലേക്കു കടക്കുമെന്ന ഭീതിയിൽ ശരീരത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ചു. ഇതിനുശേഷമാണു കുട്ടികളെ ഇവർക്കൊപ്പം വിട്ടയച്ചതെന്നു യുകെ മാധ്യമമായ ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ബ്രിട്ടിഷ് യുവാക്കൾ ഭീകരപ്രവർത്തനത്തിലേക്ക് ആകൃഷ്ടരാകുന്നതു കുടുംബാംഗങ്ങളുടെ പിന്തുണയാലാണെന്നു പത്രം റിപ്പോർട്ട് ചെയ്യുന്നു. സിറിയ വിഷയത്തിൽ ബ്രിട്ടനിലെ കുടുംബക്കോടതിയിൽ ഡസൻ കണക്കിനു കേസുകൾ രഹസ്യമായി വാദം കേൾക്കാറുണ്ടെന്നാണു റിപ്പോർട്ട്. അടുത്ത തലമുറ ‘ജിഹാദി’കളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കേസുകളെന്നതു ഭീതിയുളവാക്കുന്നതായി പത്രം റിപ്പോർട്ട് ചെയ്തു.

ഒരു കേസിൽ, ഐഎസിന്റെ കീഴിൽ ജീവിക്കാൻ സിറിയയിലേക്കു അമ്മ കൊണ്ടുപോയ രണ്ടുവയസ്സുകാരൻ ബ്രിട്ടനിലേക്കു തിരിച്ചെത്തിയെങ്കിലും തോക്കുകളിൽ താൽപ്പര്യം കാട്ടുന്നുവെന്നും ജനങ്ങളെ വെടിവയ്ക്കാൻ താൽപ്പര്യമുള്ളതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐഎസ് രീതിയിൽ വസ്ത്രം ധരിച്ച് എകെ – 47 തോക്കുമേന്തി നിൽക്കുന്ന ചിത്രം അന്വേഷണ ഏജൻസികളുടെ കൈവശം എത്തിയിട്ടുണ്ട്. ഇതു ഐഎസിന്റെ തലസ്ഥാനമായിരുന്ന റാഖ്ഖയിൽ വച്ചെടുത്ത ചിത്രമാണെന്നു വ്യക്തമായിട്ടുണ്ട്. 2015ൽ തിരിച്ചു ബ്രിട്ടനിലെത്തിയ കുട്ടിയെ സാമൂഹിക പ്രവർത്തകരും ഡോക്ടർമാരും വിശദമായി കൗൺസിലിങ് നടത്തിയിരുന്നു. ഇപ്പോൾ നാലു വയസ്സുകാരായ ഈ കൂട്ടിയെ അമ്മയുടെ അടുത്തുനിന്നു മാറ്റി മുത്തശ്ശിയുടെ അടുത്താണു പാർപ്പിച്ചിരിക്കുന്നത്.

സിറിയയിൽനിന്നു തിരിച്ചെത്തിയ വളരെച്ചുരുക്കം കുട്ടികളിൽ ഒരാളാണ് ഈ കുട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഐഎസിന്റെ ശക്തികേന്ദ്രങ്ങളെല്ലാം ഇറാഖ്, സിറിയ സർക്കാരുകൾ പിടിച്ചെടുത്തതിനാൽ പോയവരിൽ അധികവും തിരിച്ചുവരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

സിറിയയിലേക്കുള്ള വിമാനത്തിൽ കയറാനൊരുങ്ങിയ പെൺകുട്ടിയെ കിഴക്കൻ ലണ്ടനിൽനിന്നു ഭീകരവിരുദ്ധ പൊലീസ് പിൻമാറ്റിയിരുന്നു. മരണത്തെക്കുറിച്ചും ക്രൂരതയെക്കുറിച്ചും ആ കുട്ടി പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

100ൽ അധികം ബ്രിട്ടിഷ് യുവതികളാണു ജിഹാദി സംഘങ്ങളിൽ ചേരാൻ മധ്യപൂർവ ഏഷ്യയിലേക്കു കുട്ടികളുമായി യാത്ര ചെയ്തത്. ഇതിൽ പല കുട്ടികളും സിറിയയിൽ എത്തിയിട്ടില്ലെന്നതു മറ്റൊരു ആശങ്കയായി തുടരുന്നുവെന്നും കോടതി രേഖകളിൽ പറയുന്നു.