Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയൻ സൈന്യത്തിന്റെ അണ്ടർ 15 ഫുട്ബോൾ ടീമിനു നേരെ റോക്കറ്റാക്രമണം; ഒരു മരണം

Syria-Eastern-Ghouta-Rocket കിഴക്കൽ ഗൗട്ടയിൽ റോക്കറ്റാക്രമണമുണ്ടായപ്പോൾ (ഫയൽ ചിത്രം)

ദമാസ്കസ്∙ സിറിയയിൽ വിമതരുടെ റോക്കറ്റാക്രമണത്തിൽ ദേശീയ ഫുട്ബോൾ താരം കൊല്ലപ്പെട്ടു. പന്ത്രണ്ടുകാരനായ സാമിർ മുഹമ്മദ് മസൂദ് ആണു കൊല്ലപ്പെട്ടത്. അണ്ടർ–15 ടീമിലെ ഏഴു പേർക്കു പരുക്കേറ്റു. ദമാസ്കസിൽ അൽ ഫായ്ഹ സ്പോർട്സ് ക്ലബിൽ രാവിലെ പരിശീലനത്തിനിടെയായിരുന്നു റോക്കറ്റാക്രമണം. രാജ്യത്തെ ദേശീയ ഫുട്ബോൾ താരങ്ങൾ പരിശീലിക്കുന്ന പ്രമുഖ സ്പോർട്സ് സെന്ററാണിത്.

സംഭവം നടന്നതിനു സമീപത്താണ് റഷ്യൻ എംബസിയും. സിറിയൻ സൈനിക ഫുട്ബോൾ ടീമിന്റെ യൂത്ത് ലീഗ് അംഗമാണ് സാമിറെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന് ഏറെ പ്രതീക്ഷകളുള്ള കായികതാരമാണു കൊല്ലപ്പെട്ടതെന്നും ഫുട്ബോൾ ടീം പ്രസിഡന്റ് മൊഹ്സെൻ അബ്ബാസ് പറഞ്ഞു.

ഏഴു വർഷത്തെ ആഭ്യന്തര യുദ്ധത്തിനിടെ ദമാസ്കസിൽ ഉണ്ടായ ഏറ്റവും വലിയ റോക്കറ്റാക്രമണത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച 44 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. അവസാന ശക്തികേന്ദ്രമായ കിഴക്കൻ ഗൗട്ടയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് വിമതർ പിരിഞ്ഞു പോകുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണങ്ങളുണ്ടാകുന്നത്.