ഞാൻ ഇരയല്ല, എന്നെ ട്രംപിന്റെ ആളുകൾ ഭീഷണിപ്പെടുത്തി: സ്റ്റോമിയുടെ വെളിപ്പെടുത്തൽ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്റ്റോമി ഡാനിയൽസ്.

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ലൈംഗികബന്ധം പുറത്തുപറയരുതെന്നു തനിക്ക് ‘അജ്ഞാതന്റെ’ ഭീഷണിയുണ്ടായിരുന്നെന്ന് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസ്. ട്രംപുമായുള്ള പഴയ ബന്ധം മൂടിവയ്ക്കാൻ നൽകിയ 1.30 ലക്ഷം ഡോളർ മടക്കിനൽകാൻ ഒരുക്കമാണെന്ന് അറിയിച്ചതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തൽ. സിബിഎസ് ചാനലിലെ ‘60 മിനിറ്റ്സ്’ അഭിമുഖത്തിലാണു ട്രംപിനെതിരെ സ്റ്റോമി (സ്റ്റെഫാനി ക്ലിഫോർഡ്) ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ഞാനൊരു ഇരയല്ല. ‘മീ ടൂ’ ക്യാംപെയിന്റെ ഭാഗവുമല്ല ഈ വെളിപ്പെടുത്തൽ. ട്രംപുമായി പൂർണ സമ്മതത്തോടെ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. പക്ഷേ അതിലേക്കുള്ള അയാളുടെ ‘ക്ഷണം’ വളരെ മോശമായ രീതിയിലായിരുന്നു. 39കാരിയായ താൻ 20 വർഷമായി അശ്ലീലചിത്ര രംഗത്തുണ്ട്. 2006 ൽ ലേക് താഹൊ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിന്റെ ഇടയ്ക്കാണു ട്രംപിനെ പരിചയപ്പെടുന്നത്. അത്താഴവിരുന്നിനു തന്റെ ഹോട്ടൽ സ്യൂട്ടിലേക്കു ട്രംപ് ക്ഷണിച്ചു. സ്വയം പുകഴ്ത്തി ട്രംപ് വാതോരാതെ സംസാരിച്ചു.

സംഭാഷണത്തിനിടെ, തന്റെ മുഖചിത്രമുള്ള പുതിയ മാഗസിൻ കണ്ടോയെന്നു ട്രംപ് ചോദിച്ചു. മാഗസിൻ എനിക്കുനീട്ടി അഭിപ്രായം ചോദിച്ചു. അതെനിക്കു തരൂ എന്നു ഞാൻ പറഞ്ഞു. തരില്ലെന്നു മറുപടി പറഞ്ഞപ്പോൾ നിർബന്ധിച്ചു വാങ്ങി. ഇതിനിടെ അദ്ദേഹത്തോടു പാന്റ്സ് ഊരാൻ തമാശരൂപേണ ആവശ്യപ്പെട്ടു. അദ്ദേഹം കുറച്ചു മാത്രം അഴിച്ചു. രണ്ടുപേരും അത്താഴം കഴിച്ചു. ഏറെനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ ആശങ്ക മാറി.

സംഭാഷണത്തിനിടെ, നീ പ്രത്യേകതയുള്ളവളാണെന്നും എന്റെ മകളെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. ‘ദി അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയാകണം, എല്ലാവരും അറിയേണ്ട മിടുക്കിയാണ് എന്നെല്ലാം പറഞ്ഞു. രാത്രിയിൽ ട്രംപുമായി ലൈംഗിക ബന്ധം നടന്നു. ഗർഭനിരോധന ഉറ ഉപയോഗിക്കാതെ, സുരക്ഷിതമല്ലാത്ത സെക്സാണു ട്രംപുമായുണ്ടായത്. ‘ബിസിനസ് അവസരം’ എന്നുകണ്ട് അപ്രന്റിസിൽ മത്സരാർഥിയാകാൻ സമ്മതിച്ചു.

ട്രംപിന്റെ ഭാര്യ മെലാനിയയ്ക്ക് ഈ ബന്ധം ഇഷ്ടപ്പെടുമോ എന്നു ചോദിച്ചു. ആ സമയത്ത് മെലാനിയ മകനെ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. അതിലൊന്നും വിഷമിക്കേണ്ട. ഞങ്ങൾക്കങ്ങനെ പ്രശ്നമില്ല. മെലാനിയയ്ക്കും തനിക്കും വെവ്വേറെ മുറികളുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. ടിവി ഷോയിലെ മത്സരാർഥിയാക്കുന്ന കാര്യവുമായി ബന്ധപ്പെട്ടു പലതവണ അദ്ദേഹത്തെ വിളിക്കേണ്ടി വന്നു. പക്ഷേ അവസരം മുതലെടുത്ത് അയാൾ ചുറ്റിക്കുകയാണെന്നു മനസ്സിലായി.

പരിചയപ്പെട്ട് ഒരു വർഷത്തിനു ശേഷം 2007 ജൂലൈയിൽ ട്രംപ് ആവശ്യപ്പെട്ട പ്രകാരം ലൊസാഞ്ചലസിലെ ബെവർലി ഹിൽസ് ഹോട്ടലിൽ സ്വകാര്യ സന്ദർശനത്തിനെത്തി. ലൈംഗിക ബന്ധത്തിനു ട്രംപിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ താൻ സമ്മതിച്ചില്ല. ടിവി ഷോയുടെ കാര്യമെന്തായെന്നു തിരക്കിയപ്പോൾ ഒരാഴ്ച കഴിഞ്ഞ് അറിയിക്കാമെന്നു പറഞ്ഞു. പിന്നീട്, ടിവി ഷോയിൽ മത്സരാർഥിയാകാനാവില്ലെന്നു പറയാൻ ട്രംപ് ഫോൺ ചെയ്തു. ഞാൻ അന്ധയല്ല, എനിക്കു കാര്യങ്ങൾ മനസ്സിലാകും. സ്വയം പ്രതിരോധിക്കേണ്ടത് എനിക്കാവശ്യമാണ്. അതിനുശേഷം ട്രംപിനെ പിന്നീടു കണ്ടിട്ടില്ല.

ഇൻടച്ച് മാഗസിന്റെ സഹോദര പ്രസിദ്ധീകരണത്തിൽ തന്റെ അനുഭവ കഥ പറയാമെന്ന് 2011ൽ കരാറൊപ്പിട്ടു. 15,000 ഡോളറായിരുന്നു കരാർ തുക. പിന്നീട് മാഗസിനിലെ രണ്ടുപേർ പറഞ്ഞു, അനുഭവ കഥ പ്രസിദ്ധീകരിക്കാനാവില്ലെന്ന്. കേസ് കൊടു‌ക്കുമെന്നു ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോയെൻ ഭീഷണിപ്പെടുത്തിയതോടെയാണു മാഗസിൻ പിൻവാങ്ങിയത്. കരാർപണം കിട്ടിയില്ല. ഈ സംഭവം നടന്ന് ആഴ്ചകൾക്കു ശേഷമാണ് നേരിട്ടു ഭീഷണിയുണ്ടായത്

ലാസ്‍വേഗസിലെ ഒരു പാർക്കിങ് ഏരിയയിൽ വാഹനം നിർത്തി ഇളയ മകളോടൊപ്പം ഫിറ്റ്നസ്‍ ക്ലാസിലേക്കു പോകുമ്പോഴായിരുന്നു സംഭവം. അ‍ജ്ഞാതനായ ഒരാൾ വന്ന് ‘ട്രംപിനെ വെറുതെ വിടുക, പഴയ കഥ മറക്കുക’ എന്നു ഭീഷണിപ്പെടുത്തി. പിന്നെ വാഹനത്തിനു ചുറ്റും നടന്ന്, കുഞ്ഞിനെ നോക്കി പറഞ്ഞു- സുന്ദരിയായ കുട്ടിയാണിവൾ. അവളുടെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നത് മോശമാണ്. എന്നിട്ട് അയാൾ നടന്നുപോയി. ഞാൻ പേടിച്ചു കിടുകിടാ വിറച്ചു. കൈകൾ വിറച്ചതിനാൽ കുഞ്ഞിനെ എടുക്കാൻ പോലുമായില്ല. പേടി കാരണം പൊലീസിലും പരാതി നൽകിയില്ല. പിന്നീടിതുവരെ അയാളെ കണ്ടിട്ടില്ല. പക്ഷേ എപ്പോൾ കണ്ടാലും തിരിച്ചറിയാനാകും. – സ്റ്റോമി വിശദീകരിച്ചു.

2016ൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ, പഴയബന്ധം മൂടിവയ്ക്കാൻ 1.30 ലക്ഷം ഡോളർ സ്റ്റോമിക്ക് അയച്ചുകൊടുത്തതു സ്വന്തം കീശയിൽനിന്നാണെന്നു ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊയെൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ‌ബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാൻ കരാറിനു നിർബന്ധിച്ചെന്നാരോപിച്ചു കലിഫോർണിയ കോടതിയിൽ സ്റ്റോമി കേസ് നൽകിയിട്ടുണ്ട്.