എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാട്: ആരോപണം ഗൗരവതരം, സ്റ്റേ തുടരും

ന്യൂഡൽഹി∙ എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാട് വിഷയത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കിയില്ല. ആരോപണങ്ങൾ ഗൗരവമുള്ളതാണ്. അന്വേഷണകാര്യത്തിൽ ഹൈക്കോടതി തന്നെ തീരുമാനമെടുക്കട്ടെ. ഉത്തരവ് ഹൈക്കോടതിയിൽ നിന്നും കിട്ടിയിട്ടില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം. അന്വേഷണം വേണമെന്ന നിലപാടിന് ഒപ്പമാണു സുപ്രീംകോടതിയെന്നും വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. പൊലീസിനും കോടതിക്കും ഒരേദിവസം തന്നെയാണു ചേർത്തല സ്വദേശി ഷൈൻ വർഗീസ് കേസ് നൽകിയതെന്നും ഇതു നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ എന്തെങ്കിലും നടപടികളെടുക്കാൻ പൊലീസിനു സമയം ലഭിക്കുന്നതിനു മുൻപുതന്നെ കോടതിയുടെ ഇടപെടലുണ്ടായെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

മേജർ ആർ‌ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടൻ, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണു സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ ഗുരുതര കുറ്റങ്ങള്‍ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.