ജാതിയോടും മതത്തോടും ‘നോ’ പറഞ്ഞ് സ്കൂളുകളിൽ ഒന്നേകാൽ ലക്ഷം കുട്ടികൾ

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകളിൽ ജാതി, മതം എന്നീ കോളങ്ങൾ പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾ. മന്ത്രി സി.രവീന്ദ്രനാഥാണ് നിയമസഭയിൽ കണക്ക് പുറത്തുവിട്ടത്.

ഇതിൽ 1.23 ലക്ഷം കുട്ടികൾ ഒന്നു മുതൽ 10 വരെ ക്ലാസുകളിലും 275 കുട്ടികൾ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലും 239 കുട്ടികൾ രണ്ടാം വർഷത്തിലും പഠിക്കുന്നു. 9,209 സ്കൂളുകളിലായാണ് ഈ ഒന്നേകാൽ ലക്ഷം കുട്ടികൾ പഠിക്കുന്നത്.

സ്കൂൾ തിരിച്ചുള്ള കണക്കിന്റെ രേഖയും നിയമസഭയിൽ മന്ത്രി പങ്കുവച്ചു. അതേസമയം, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജാതി, മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.