Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാൻ ശ്രമം; ഏവരും വനിതാമതിലിന്റെ ഭാഗമാകണം: സി.രവീന്ദ്രനാഥ്

c-raveendranath മന്ത്രി സി.രവീന്ദ്രനാഥ്

തിരുവനന്തപുരം ∙ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നു മന്ത്രി സി.രവീന്ദ്രനാഥ്. വനിതാ മതിലിൽ പങ്കെടുക്കണമെന്ന് എല്ലാം സ്ത്രീകളോടും അഭ്യർഥിച്ചുകൊണ്ടു സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ പരാമർശം. അനാചാരങ്ങളും ജാതിചിന്തയും കൊണ്ടു ഭ്രാന്താലയമായിരുന്ന കേരളത്തെ പുരോഗമന ചിന്തയുടെയും മതനിരപേക്ഷതയുടെയും നാടാക്കി മാറ്റിയത് നവോത്ഥാന പ്രക്രിയയാണ്.

കൊടിയ യാതനകളിലും തളരാതെ കേരളത്തിലെ സ്ത്രീകൾ പുരുഷനോടൊപ്പം പൊരുതി നേടിയതാണ് ആധുനിക കേരളം. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനും സമൂഹത്തെ അനാചാരങ്ങളുടെ ചങ്ങലക്കെട്ടിൽ തളക്കാനും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ താളം തെറ്റിക്കാനുള്ള ശ്രമം ഒരിക്കലും അനുവദിക്കരുതെന്നു മന്ത്രി പറഞ്ഞു. ഭരണഘടന അനുവദിച്ച സമത്വത്തിനുവേണ്ടി പോരാടുമെന്നു പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ അമ്മമാരും സഹോദരിമാരും വനിതാ മതിലിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:

അനാചാരങ്ങളും ജാതിചിന്തയും കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തെ പുരോഗമന ചിന്തയുടെയും മതനിരപേക്ഷതയുടെയും നാടാക്കിമാറ്റിയത് നവോത്ഥാന പ്രക്രിയയായിരുന്നു. മാറു മറയ്ക്കാനും ലിംഗസമത്വം ഉറപ്പാക്കാനും സ്കൂളിൽ പഠിക്കാനും ഒക്കെ സ്ത്രീകൾക്ക് കടുത്ത സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വന്നിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.

കൊടിയ യാതനകളിലും തളരാതെ കേരളത്തിലെ സ്ത്രീകൾ പുരുഷനോടൊപ്പം പൊരുതി നേടിയതാണ് ആധുനിക കേരളം. ഈ സംസ്ഥാനത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമം നടന്നുവരികയാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാനും സമൂഹത്തെ അനാചാരങ്ങളുടെ ചങ്ങലക്കെട്ടിൽ തളക്കാനും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ താളം തെറ്റിക്കാനുള്ള ശ്രമം ഒരിക്കലും അനുവദിക്കരുത്.

തങ്ങളുടെ സ്വാതന്ത്ര്യവും അന്തസ്സും ആർക്കും പണയം വയ്ക്കില്ലെന്നും ഭരണഘടന അനുവദിച്ച സമത്വത്തിനുവേണ്ടി പോരാടുമെന്നും നവോത്ഥാന മൂല്യങ്ങളെ കൂടുതൽ പുഷ്കലമാക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ വനിതകൾ പുതുവത്സരദിനത്തിൽ വൻമതിൽ തീർക്കുന്നു. ഈ വൻമതിലിന്റെ ഭാഗമാകണമെന്ന് എല്ലാ അമ്മമാരോടും സഹോദരിമാരോടും അഭ്യർഥിക്കുന്നു.