തർക്കങ്ങൾക്കു സംയുക്ത പരിഹാരം: ഇന്ത്യ–പാക്ക് നയതന്ത്ര 'യുദ്ധം' അവസാനിക്കുന്നു

ന്യൂഡൽഹി∙ നയതന്ത്ര പ്രതിനിധികളോടു മോശമായി പെരുമാറിയെന്ന രീതിയിലുള്ള പരാതികൾ സംയുക്തമായി പരിഹരിക്കാൻ‌ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ഇന്ത്യയും പാക്കിസ്ഥാനും അറിയിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ ദ്രോഹിക്കുകയാണെന്ന് ഇരു രാഷ്ട്രങ്ങളും തമ്മിൽ ശക്തമായ തർക്കങ്ങള്‍ ഉടലെടുത്ത് ആഴ്ചകൾക്കു ശേഷമാണ് പുതിയ 'വെടിനിർത്തൽ'. 1992ലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രതിനിധികളുടെ പെരുമാറ്റച്ചട്ടം പ്രകാരം തർക്കങ്ങൾ പരിഹരിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനും സമാനമായ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ശാന്തമായതും തടസ്സങ്ങളില്ലാത്തതുമായ നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്നതിനാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ശാരീരികമായതോ വാക്കുകൾക്കൊണ്ടുള്ളതോ ആയ തർക്കങ്ങളും ഫോൺ ബന്ധം വേർപെടുത്തുന്ന രീതിയിലുള്ള നീക്കങ്ങളും പാടില്ലെന്നാണു ചട്ടം. 

പാക്കിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള അക്രമങ്ങൾ തുടരുന്നതായി പാക്ക് സർക്കാരിനോട് ഇന്ത്യ പരാതിപ്പെട്ടിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ ഭീഷണികളും പീഡനങ്ങളും പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ പരാതിയിൽ ഉന്നയിച്ചു. ഡൽഹിയിൽ പാക്ക് നയതന്ത്രജ്ഞനു വളരെ മോശം അനുഭവമാണുണ്ടാകുന്നതെന്നു പറഞ്ഞു പാക്ക് ഹൈക്കമ്മീഷണർ സൊഹെയ്‍ൽ‌ മുഹമ്മദിനെ പാക്കിസ്ഥാൻ തിരികെ വിളിച്ചത് പ്രശ്നം രൂക്ഷമാക്കിയിരുന്നു. എന്നാൽ ദിവസങ്ങൾ‌ക്കു ശേഷം സൊഹെയ്‍ൽ ഇന്ത്യയിലേക്കു തിരിച്ചെത്തുകയായിരുന്നു.