കേരളത്തിൽ പണിമുടക്ക് പൂർണം; അത്യാവശ്യ യാത്രക്കാർ വലഞ്ഞു

തിരുവനന്തപുരം∙ സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രനയത്തിനെതിരെ തൊഴിലാളി യൂണിയനുകൾ ചേർന്നു നടത്തിയ പണിമുടക്കിൽ കേരളം സ്തംഭിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചില്ല. സെക്രട്ടേറിയറ്റിൽ 5% പേർ മാത്രമാണു ജോലിക്കെത്തിയത്. കടകളും അടഞ്ഞുകിടന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. ആറു കോടിയോളം രൂപയുടെ വരുമാനനഷ്ടമുണ്ടായി. ആകെയുള്ള 19,415 ജീവനക്കാരിൽ 3473 പേർ മാത്രമാണു ജോലിക്കു ഹാജരായത്.

ഓട്ടോറിക്ഷകളും ടാക്സികളും കൂടി പണിമുടക്കിൽ പങ്കു ചേർന്നതോടെ യാത്രക്കാർ വലഞ്ഞു. സ്വകാര്യ വാഹനങ്ങൾ തടഞ്ഞില്ല. പിഎസ്‍സി പരീക്ഷാർഥികൾ പണിമുടക്കിൽ വലഞ്ഞു. സർവകലാശാലകൾ ഉൾപ്പെടെ പരീക്ഷകൾ മാറ്റിവച്ചിട്ടും പിഎസ്‍സിയുടെ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), പാർട് ടൈം ലാംഗ്വേജ് ടീച്ചർ (ഹിന്ദി) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടന്നു. എല്ലാ ജില്ലകളിലും കേന്ദ്രങ്ങളുമുണ്ടായിരുന്നു.

പണിമുടക്കിനെ തുടർന്നു കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കുടുങ്ങിയ യാത്രക്കാർക്കു നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു.തോമസിന്റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണവും വെള്ളവും നൽകുന്നു. ചിത്രം: റോക്കി ജോർജ് ∙ മനോരമ

സ്കൂളുകളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നു. ഫ്രഞ്ച്, സംസ്കൃതം, ഹിന്ദി ഇലക്ടിവ് തുടങ്ങി വളരെ കുറച്ചു വിദ്യാർഥികൾ മാത്രം എഴുതുന്ന പരീക്ഷയാണ് ഇന്നലെ നടന്നത്. കൊച്ചി കാക്കനാട് സ്‌പെഷൽ ഇക്കണോമിക് സോണിൽ രാവിലെ പണിമുടക്കിയതിനു ശേഷം പ്രകടനത്തിനായി നിന്ന ഇരുപത്തഞ്ചോളം തൊഴിലാളികളെ ഇൻഫോപാർക്ക് എസ്‌ഐ അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കിയതു പ്രതിഷേധത്തിനിടയാക്കി.

നേതാക്കൾ ഇടപെട്ട് ഇവരെ വിട്ടയച്ചു. സംയുക്ത സമരസമിതി നടത്തിയ രാജ്ഭവൻ മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.