പരാക്രമം ബാങ്കിലും; എസ്ബിഐ ശാഖയിൽ മാനേജരുടെ കാബിൻ അടിച്ചുതകർത്തു

sbi-bank-attack
SHARE

തിരുവനന്തപുരം ∙ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കാതെ തുറന്ന എസ്ബിഐ മെയിൻ ട്രഷറി ശാഖയിലെ മാനേജരുടെ കാബിൻ സമരക്കാർ അടിച്ചുതകർത്തു. ബാങ്ക് സമുച്ചയത്തിന്റെ 10 മീറ്റർ മാത്രം അകലെ റോഡ് കയ്യേറി കെട്ടിയ സമരപ്പന്തലിൽ സിപിഎം, സിഐടിയു സംസ്ഥാന നേതാക്കൾ ഉള്ളപ്പോഴായിരുന്നു അഴിഞ്ഞാട്ടം. കാബിനിലെ മേശ അടിച്ചുതകർത്തു. കംപ്യൂട്ടർ എടുത്തു നിലത്തടിച്ചു. ഫോൺ വലിച്ചുപൊട്ടിച്ചു നിലത്തടിച്ചിട്ടും അരിശം തീരാതെ മേശയിലെ ഗ്ലാസ് വീണ്ടും തകർത്തു. സുരക്ഷാ ജീവനക്കാർ ഓടിയെത്തിയാണു മാനേജരെ രക്ഷിച്ചത്.

രാവിലെ പത്തേകാലോടെയാണ് സിപിഎം സർവീസ് സംഘടനയായ എൻജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാർ എന്നിവർക്കൊപ്പമെത്തിയ സംഘം അക്രമം നടത്തിയത്. ഇരുനേതാക്കളും ചരക്ക്, സേവന നികുതി വകുപ്പിൽ ഇൻസ്പെക്ടർമാരാണ്. ആദ്യം ഒന്നാം നിലയിലെ സിറ്റി ശാഖ ഭീഷണിപ്പെടുത്തി അടപ്പിച്ചു. മെയിൻ ട്രഷറി ശാഖയിലേക്കു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ ശേഷമാണു മാനേജരുടെ കാബിനിൽ കയറിയത്.

ജില്ലയിലെ 61 ശാഖകൾ, എടിഎമ്മുകൾ, ട്രഷറി എന്നിവിടങ്ങളിൽ കറൻസി എത്തിക്കുന്ന ശാഖയാണെന്നും പൊതു ഇടപാടുകളില്ലെന്നും മാനേജർ സന്തോഷ് കരുണാകരൻ വിശദീകരിച്ചു. 1200 കോടി രൂപയുടെ കറൻസിയാണു സംഭരിക്കുന്നതെന്നു പറഞ്ഞുനിർത്തിയതും തെറിവിളി തുടങ്ങി. കയ്യേറ്റശ്രമത്തിൽ നിന്നു മാനേജർ ഒഴിഞ്ഞുമാറി. തുടർന്നായിരുന്നു ആക്രമണം. സുരക്ഷാ ജീവനക്കാർ പിടിച്ചുപുറത്താക്കിയതിനു പിന്നാലെ അക്രമിസംഘം റോഡിൽ കൂടിനിന്ന സമരക്കാർക്കിടയിലൂടെ കടന്നുകളഞ്ഞു.

എആർ ക്യാംപിലെ പൊലീസ് സമരസ്ഥലത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെങ്കിലും ബാങ്കിൽ എത്തിയില്ല. മാനേജർ അറിയിച്ചതനുസരിച്ച് എത്തിയ കന്റോൺമെന്റ് പൊലീസ് 15 പേർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസ് എടുത്തു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. സംസ്ഥാനത്തു ചൊവ്വാഴ്ച തുറന്ന ശാഖകൾ പോലും ഇന്നലെ ആക്രമണ വിവരമറിഞ്ഞതോടെ അടച്ചു.

10 മിനിറ്റിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രനും പണിമുടക്കിന്റെ രണ്ടാംദിന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സമീപത്തെ സമരപ്പന്തലിലെത്തി. ഹൈക്കോടതി വിധി പാലിക്കാതെ റോഡിൽ നിർമിച്ച സമരവേദിയിൽ കോടിയേരി പ്രസംഗിച്ചതോ, അക്രമ സമരരീതികൾ മാറ്റണമെന്നും.

റോഡിലെ പന്തലിനു കേസ്; പൊളിക്കാതെ നേതാക്കൾ

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ വഴിയടച്ചു സമരപ്പന്തൽ കെട്ടിയതിനു സംയുക്ത സമരസമിതി നേതാക്കൾക്കെതിരെ പൊലീസ് കേസ്. അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതായും കണ്ടെത്തി. എന്നാൽ പന്തൽ പൊളിക്കാൻ പൊലീസ് തയാറായില്ല. ഇവിടെയാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇന്നലെ പ്രസംഗിച്ചത്. ചൊവ്വാഴ്ചയാണു സെക്രട്ടേറിയറ്റ് ഗേറ്റും അടച്ചു പന്തൽ കെട്ടിയത്. ഇന്നലെ വാർത്ത വന്നതോടെയാണു ഹൈക്കോടതി വിധിയുടെ ലംഘനമെന്ന നിലയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. 

∙ 'അക്രമത്തെ അപലപിക്കുന്നു. സമരസമിതി പരിശോധിക്കും. സർക്കാരും നടപടി സ്വീകരിക്കും.' - കോടിയേരി ബാലകൃഷ്ണൻ (സിപിഎം സംസ്ഥാന സെക്രട്ടറി)

∙ 'സംഭവത്തിൽ തൊഴിലാളികൾക്ക‌ു ബന്ധമില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച‌് അക്രമം നടത്തിയവർക്കെതിരെ കർശനനടപടി സ്വീകരിക്കണം.' - വി.ശിവൻകുട്ടി (സിഐടിയു സംസ്ഥാന സെക്രട്ടറി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA