ഡി സിനിമാസ് കയ്യേറ്റം: ഉദ്യോഗസ്ഥർക്ക് വിജിലൻസ് കോടതിയുടെ വിമർശനം

കൊച്ചി∙ നടൻ ദിലീപിന്റെ തിയറ്റർ സമുച്ചയമായ ഡി സിനിമാസ് ഭൂമി കയ്യേറ്റം നടത്തിയെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് തൃശൂർ വിജിലൻസ് കോടതിയുടെ വിമർശനം. എഫ്ഐആർ തയാറാക്കാൻ കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു. കേസെടുക്കാൻ നിർദേശിച്ചിട്ടും നടപടി വൈകിയതെന്താണെന്നും കോടതി ചോദിച്ചു.

രണ്ടാഴ്ച മുൻപാണ് ഡി സിനിമാസുമായി ബന്ധപ്പെട്ട പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത്. ദിലീപിനു പുറമെ മുൻ ജില്ലാകലക്ടർ എം.എസ്.ജയയെയും എതിർകക്ഷിയാക്കിയാണു പൊതുപ്രവർത്തകൻ പി.ഡി.ജോസഫ് തൃശൂർ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.