Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്റ്റ്‍‌ലിയോടു മാപ്പു പറഞ്ഞു; ജഠ്മലാനിയുടെ പേരിലും ക്ഷമ ചോദിച്ച് കേജ്‍രിവാൾ

jaitley-kejriwal കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ.

ന്യൂഡൽഹി ∙ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയോടു മാപ്പുപറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ജയ്റ്റ്ലി 2015ൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണു കേജ്‍രിവാളിനൊപ്പം എഎപി പ്രവർത്തകരായ സഞ്ജയ് സിങ്, അശുതോഷ്, രാഘവ് ഛദ്ദ എന്നിവർ കേന്ദ്രമന്ത്രിയോടു ക്ഷമ ചോദിച്ചത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റായിരുന്ന സമയത്ത് 2015ൽ ജയ്റ്റ്ലിക്ക് എതിരായി നടത്തിയ ആരോപണങ്ങളിലാണു മാപ്പുപറച്ചിൽ.

ക്രിമിനൽ മാനനഷ്ടക്കേസ് കൂടാതെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ മാനനഷ്ട കേസും ജയ്റ്റ്ലി നൽകിയിട്ടുണ്ട്. കേജ്‍രിവാളിനെ കൂടാതെ ആം ആദ്മി പാർട്ടി നേതാക്കളായ രാഘവ് ഛദ്ദ, കുമാർ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, ദീപക് ബാജ്പെയ് എന്നിവർക്കെതിരെയാണ് കേസുണ്ടായിരുന്നത്.

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ റാം ജഠ്മലാനിയുടെ പേരിലും കേജ്‍രിവാൾ മാപ്പു പറഞ്ഞു. ജയ്റ്റ്ലിക്കെതിരായ കേസിൽ കേജ്‍രിവാളിനു വേണ്ടി കോടതിയിൽ ഹാജരായതു ജഠ്മലാനിയാണ്. കോടതിമുറിയിൽ ജഠ്മലാനിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സംഭവത്തിലും കേജ്‍രിവാൾ മാപ്പുപറഞ്ഞത് ഏവരെയും അമ്പരപ്പിച്ചു.

നേരത്തേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കോൺഗ്രസ് നേതാവ് കപിൽ സിബൽ, മകൻ അമിത് സിബൽ, പഞ്ചാബിലെ മുൻമന്ത്രിയും അകാലിദൾ നേതാവുമായ ബിക്രം സിങ് മജീതിയ തുടങ്ങിയവരോടും കേജ്‍രിവാൾ മാപ്പു പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ബിജെപി എംപി രമേഷ് ബിധൂരി എന്നിവരും വൈകാതെ ‘മാപ്പുപട്ടിക’യിൽ ഇടം പിടിച്ചേക്കുമെന്നാണു സൂചന.

മുപ്പതിലേറെ മാനനഷ്ടക്കേസുകളാണു കേജ്‍രിവാളിനും ആംആദ്മി നേതാക്കൾക്കുമെതിരെയുള്ളത്. അഹംഭാവം കാട്ടാനുള്ള സമയമല്ലെന്നും ജനങ്ങൾക്കുവേണ്ടി ചെലവാക്കേണ്ട സമയം കോടതിയിൽ കളയുന്നതു ശരിയല്ലെന്നുമാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്.

related stories