എടികെയെ വീഴ്ത്തി എഫ്സി ഗോവ സൂപ്പർകപ്പ് ക്വാർട്ടറിൽ; എതിരാളികൾ ജംഷഡ്പുർ

ഇന്ത്യൻ സൂപ്പർ കപ്പിൽ എഫ്സി ഗോവയും എടികെയും തമ്മിൽ നടന്ന മൽസരത്തിൽനിന്ന്. ചിത്രം: റിജോ ജോസഫ്

ഭുവനേശ്വർ∙ ഇന്ത്യൻ സൂപ്പർ കപ്പിലെ വാശിയേറിയ പോരാട്ടത്തിൽ എടികെയെ വീഴ്ത്തി എഫ്സി ഗോവ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ്സി ഗോവയുടെ വിജയം. ഫെറാൻ കോറോമിനാസ് (45), ഹ്യൂഗോ ബൗമൂസ് (70), ബ്രണ്ടൻ ഫെർണാണ്ടസ് (77) എന്നിവരാണ് ഗോവയ്ക്കായി ഗോൾ നേടിയത്. എടികെയുടെ ആശ്വാസ ഗോൾ സൂപ്പർതാരം റോബി കീൻ (55) നേടി.

ഏപ്രിൽ 12ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മറ്റൊരു ഐഎസ്എൽ ടീമായ ജംഷഡ്പുർ എഫ്സിയാണ് എഫ്സി ഗോവയുടെ എതിരാളികൾ. തിങ്കളാഴ്ച നടന്ന മൽസരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ മിനർവ പഞ്ചാബിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ജംഷഡ്പുർ ക്വാർട്ടറിൽ കടന്നത്.

ബുധനാഴ്ച നടക്കുന്ന മൽസരത്തിൽ പുണെ സിറ്റി എഫ്സിയും ഷില്ലോങ് ലജോങ്ങും ഏറ്റുമുട്ടും. ഏപ്രിൽ അഞ്ചിന് ഈസ്റ്റ് ബംഗാൾ മുംബൈ സിറ്റി എഫ്സിയെയും ഏപ്രിൽ ആറിന് കേരളാ ബ്ലാസ്റ്റേഴ്സ് നെറോക്ക എഫ്സിയെയും നേരിടും. ബ്ലാസ്റ്റേഴ്സ്–നെറോക്ക മൽസരത്തിലെ വിജയികൾ ക്വാർട്ടറിൽ ബെംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും.