രണ്ടാംദിനം 6032 കോടി, ഒരു മത്സരത്തിന് 60 കോടി; ഇന്ത്യൻ ക്രിക്കറ്റ് ‘അതിസമ്പന്നം’

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും സഹകളിക്കാരും. (ഫയൽ ചിത്രം)

മുംബൈ∙ മൈതാനത്തേക്കാൾ തീ പാറുന്ന പോരാട്ടം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ചുവർഷത്തെ ഹോം മൽസരങ്ങളുടെ സംപ്രേഷണ അവകാശം സ്വന്തമാക്കാൻ ശതകോടികളാണു വീശിയെറിയുന്നത്. 2018 മുതൽ 2023 വരെയുള്ള മത്സരങ്ങൾക്കുള്ള ലേലം രണ്ടാംദിനം അവസാനിച്ചപ്പോൾ രേഖപ്പെടുത്തിയതു ഞെട്ടിപ്പിക്കുന്ന തുക – 6032.5 കോടി രൂപ ! ആദ്യദിനത്തിൽ ഇത് 4,442 കോടിയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മാത്രമേ അന്തിമ ലേലത്തുകയും സ്ഥാപനവും അറിയാനാകൂ.

ആദ്യമായി ഇലക്ട്രോണിക് ലേലം (ഇ–ലേലം) അവതരിപ്പിച്ച ഇത്തവണ റെക്കോഡ് തുകയ്ക്കാണു വിളി മുന്നേറിയത്. പ്രമുഖ മാധ്യമ ഗ്രൂപ്പുകളായ സ്റ്റാർ, സോണി, റിലയൻസ് ജിയോ എന്നിവയാണു വാശിയേറിയ ലേലംവിളികളുമായി രംഗത്തുള്ളത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശമാണു ലേലം സ്വന്തമാക്കുന്ന കമ്പനിക്കു ലഭിക്കുക.

2012ൽ സ്റ്റാർ ടിവി 3851 കോടി രൂപയ്ക്കു സ്വന്തമാക്കിയ സംപ്രേഷണാവകാശമാണ് ഇപ്പോൾ കുതിച്ചുയരുന്നത്. ആദ്യ ദിനം 4176 കോടിയിൽ തുടങ്ങിയ ലേലം വൈകിട്ട് അവസാനിപ്പിക്കുമ്പോഴേക്കും 4,442 കോടിയിലെത്തി. രണ്ടാം ദിനത്തിൽ ലേലത്തുക 6032.5 കോടിയായി. മൂന്നു ഫോർമാറ്റുകളിലായി 102 രാജ്യാന്തര മത്സരങ്ങളാണ് ഇക്കാലയളവിൽ ഇന്ത്യയ്ക്കുള്ളത്. ഏതാണ്ട് 60 കോടി രൂപ (59.16 കോടി) വീതമാണു ഒരു മത്സരത്തിന്റെ ‘സംപ്രേഷണ മൂല്യം’.

2012–2018 കാലഘട്ടത്തിൽ 43 കോടിയായിരുന്നു ഒരു മത്സരത്തിന്റെ ‘മൂല്യം’. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 17 കോടിയുടെ വർധന. 4176 കോടിയിൽനിന്ന് 25 കോടി വീതം ഓരോ ഘട്ടത്തിലും വർധിപ്പിച്ചാണു ആദ്യദിനം ലേലം പുരോഗമിച്ചത്. രണ്ടാംദിനം 4442 കോടിയിൽ തുടങ്ങിയ ലേലം 4565.20 കോടി, 5488.30 കോടി, 5748 കോടി എന്നിങ്ങനെ ഉയർന്നു. വൈകിട്ടു നാലരയോടെ 6001 കോടിയെന്ന റെക്കോഡിലെത്തി. മൂന്നാംദിനം ലേലം അവസാനിക്കുമ്പോൾ 7000 കോടി രൂപ എന്ന വിസ്മയസംഖ്യയിൽ എത്തുമെന്നാണു പ്രതീക്ഷയെന്നു ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

നേരത്തേ, ഇന്ത്യൻ കായിക വിപണിയുടെ ചരിത്രം തിരുത്തിയെഴുതി അടുത്ത അഞ്ചുവർഷത്തേക്കുള്ള ഐപിഎൽ ടെലിവിഷൻ, ഡിജിറ്റൽ അവകാശം 2.55 ബില്യൻ യുഎസ് ഡോളറിന് (ഏകദേശം 16,347.5 കോടി രൂപ) സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2018–2022 വർഷ കാലയളവിലേക്കുള്ള അവകാശമാണു പണം വാരിയെറിഞ്ഞു സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. 2008 മുതൽ 2018 വരെയുള്ള പത്തുവർഷ കാലയളവിലെ അവകാശം സോണി സ്വന്തമാക്കിയതിന്റെ (8200 കോടി രൂപ) ഇരട്ടിയിലേറെ തുകയ്ക്കാണു സ്റ്റാർ അവകാശം നേടിയത്.

ഡിജിറ്റൽ മീഡിയ അവകാശത്തിനായി 3900 കോടി രൂപയുടെ വൻതുകയുമായി ഫെയ്സ്ബുക്കും ടിവി അവകാശത്തിനായി 11,050 കോടി രൂപയുമായി സോണിയും രംഗത്തുണ്ടായിരുന്നെങ്കിലും ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഒന്നിച്ചു സ്റ്റാർ ഇന്ത്യയ്ക്ക് അനുവദിക്കുകയായിരുന്നു.