തട്ടിപ്പുകാരെക്കുറിച്ച് അറിയാൻ ആധാർ കൊള്ളാം, തട്ടിപ്പു തടയാനാവില്ല: സുപ്രീംകോടതി

ആധാർ കാർഡ് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ സമൂഹത്തിലെ അനധികൃത ഇടപാടുകൾ തടയാനുള്ള ‘ഒറ്റമൂലി’യാണ് ആധാർ എന്ന കേന്ദ്ര സർക്കാർ വാദം തള്ളി സുപ്രീംകോടതി. തട്ടിപ്പുകാരുടെ വിവരങ്ങൾ ലഭിക്കാൻ ആധാർ എളുപ്പമാണെങ്കിലും തട്ടിപ്പു തടയാൻ ആധാറിനു ശേഷിയില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആധാർ പദ്ധതിയുടെ പേരിൽ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിൽ കടന്നു കയറുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്.

‘ആർക്കൊക്കെയാണു വായ്പകൾ കൊടുക്കുന്നതെന്നു ബാങ്കുകൾക്ക് അറിയാം. ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മിൽ അടുപ്പമുണ്ട്. ആധാർ കൊണ്ടൊന്നും ഈ തട്ടിപ്പ് തടയാനാകില്ല’– സുപ്രീംകോടതി ബെഞ്ച് വാക്കാൽ‌ പറഞ്ഞു. വജ്രവ്യാപാരി നീരവ് മോദി, അമ്മാവനും വ്യാപാര പങ്കാളിയുമായ മൊഹുൽ ചോക്സി എന്നിവർ ചേർന്ന് 13,000 കോടി രൂപ, റോട്ടോമാക് ഉടമ വിക്രം കോത്താരി 3695 കോടി രൂപ എന്നിങ്ങനെ വിവിധ ബാങ്കുകളിൽനിന്നു വൻതുകകൾ തട്ടിച്ച പശ്ചാത്തലത്തിലാണു കേന്ദ്ര സർക്കാരിനെതിരെ കോടതിയുടെ വിമർശനം.

‘ഇങ്ങനെ പോയാൽ നാളെ ജനങ്ങളെല്ലാവരും ഡിഎൻഎ പരിശോധനയ്ക്കായി നിർബന്ധമായും ആധാർ അതോറിറ്റിക്കു രക്ത സാംപിളുകൾ നൽകണമെന്ന് ആവശ്യപ്പെടുകയില്ലേ?’ എന്നു കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ആധാർ പദ്ധതിക്കു ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന സവിശേഷ തിരിച്ചറിയൽ‍ അതോറിറ്റിക്ക് (യുഐഡിഎഐ) കേന്ദ്രം വലിയ അധികാരങ്ങൾ നൽകിയതിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു കോടതി. സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്ന തരത്തിൽ അതിരുകടന്ന അധികാരമല്ലേ കേന്ദ്രം യുഐഡിഎഐക്കു നൽകിയിരിക്കുന്നതെന്നും കോടതി ചോദിച്ചു.