സൈനിക ശക്തി കാട്ടാൻ ഇന്ത്യ; ചൈന–പാക്ക് അതിർത്തികളിൽ വ്യോമാഭ്യാസം നടത്തും

ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസ്

ന്യൂഡൽഹി∙ ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള പ്രകോപനങ്ങൾ തുടരുന്നതിനിടെ അതിർത്തികളിൽ സൈനികാഭ്യാസം നടത്താൻ ഇന്ത്യൻ വ്യോമസേന. ഈമാസം പത്തിനും 23നും ഇടയ്ക്കാണ് ‘ഗഗൻ ശക്തി 2018’ എന്ന സൈനികാഭ്യാസം നടക്കുന്നത്. രാജ്യം ഇതുവരെയും നടത്തിയിട്ടുള്ള വ്യോമാഭ്യാസങ്ങളിൽ‌ വലുതായിരിക്കും ഇതെന്നാണു നിഗമനം. കര, നാവിക സേനകളും സൈനികാഭ്യാസത്തിന്റെ ഭാഗമാകുന്നുണ്ട്.

വ്യോമസേനാ മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സൈനികാഭ്യാസത്തിനുള്ള തയാറെടുപ്പിലാണ് സൈനികർ. യുദ്ധവിമാനങ്ങളടക്കമുള്ളവയാണ് അഭ്യാസത്തിനു തയാറെടുക്കുന്നത്. 1100ൽ അധികം യുദ്ധ, ഗതാഗത, റോട്ടറി വിങ് (ഹെലിക്കോപ്റ്റർ) വിമാനങ്ങളാണ് വ്യോമസേന തയാറാക്കുന്നത്. പാക്കിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിലൂടെയും ചൈനയുടെ വടക്കൻ മേഖലയിലൂടെയുമാണ് സൈനികാഭ്യാസം നടത്തുക.

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസ് സൈനികാഭ്യാസത്തിൽ പങ്കെടുക്കും. നാവികസേനയുടെ മാരിടൈം കോംബാറ്റ് എയർക്രാഫ്റ്റായ മിഗ് 29 ഉം അഭ്യാസത്തിന്റെ ഭാഗമാകുന്നുണ്ട്. വ്യോമസേനയിൽനിന്നുമാത്രം 300 ഉദ്യോഗസ്ഥരും 15,000 എയർമെൻമാരും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവയ്ക്കു പുറമെ കര,നാവിക സേനാംഗങ്ങളും അഭ്യാസത്തിൽ ഭാഗഭാക്കാകും.

ഇന്ത്യയുടെ പ്രതിരോധ, പ്രത്യാക്രമണ ശക്തികൾ വെളിവാക്കുന്ന തരത്തിലുള്ള സൈനികാഭ്യാസങ്ങൾക്കാണ് വ്യോമസേന കോപ്പുകൂട്ടുന്നത്. മരുഭൂമിയിലും സമുദ്രതലത്തിൽനിന്ന് ഉയർന്നും സമുദ്രത്തിലും ഇന്ത്യയുടെ സൈനികശക്തി എത്രയെന്നു കാണിക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇന്ത്യയുടെ ശ്രമം. 1100 വിമാനങ്ങൾ മൂന്നോ നാലോ തവണകളായി 3300 മുതൽ 4400 വരെ പറക്കലുകൾ നടത്തും.