ദക്ഷിണ റെയിൽവേയ്ക്കു 7,670 കോടി വരുമാനം; ഷൊർണൂർ – എറണാകുളം മൂന്നാം പാത ഉടൻ

തൃശൂർ ∙ 2017–18 സാമ്പത്തിക വർഷം 7670 കോടി രൂപ വരുമാനം നേടി ദക്ഷിണ റെയിൽവേ. വരുമാനത്തിൽ മുൻവർഷത്തേക്കാൾ 2.1 ശതമാനമാണ് വർധന. ടിക്കറ്റ് വരുമാനം മാത്രം 4,262 കോടി രൂപയാണ്. ആളില്ലാ ലവൽക്രോസില്ലാത്ത സംസ്ഥാനമായി കേരളം മാറിയതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ പി.എ. ധനഞ്ജയൻ അറിയിച്ചു. നടപ്പു സാമ്പത്തികവർഷം എറണാകുളം – ഷൊർണൂർ റൂട്ടിൽ മൂന്നാം പാത നിർമിക്കും. തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കും. ദക്ഷിണ റെയിൽവേ പുറത്തുവിട്ട വാർഷിക പ്രവർത്തന വിലയിരുത്തലിലാണ് ഈ വിവരങ്ങൾ. റിപ്പോർട്ടിലെ പ്രധാന വിവരങ്ങളിങ്ങനെ:

∙ കോളടിച്ചു വരുമാനം

കഴിഞ്ഞ സാമ്പത്തിക വർഷം ദക്ഷിണ റെയിൽവേയുടെ ആകെ വരുമാനം 7,670 കോടി രൂപ. മുൻവർഷത്തെ അപേക്ഷിച്ചു 2.1% വർധന. യാത്രക്കാരിൽ നിന്നുള്ള വരുമാനം മാത്രം 4262 കോടി രൂപയായി വർധിച്ചു. മുൻവർഷത്തേക്കാൾ 6.21% വർധന. ചരക്കുനീക്ക വരുമാനം 2739 കോടി രൂപയായി. കഴിഞ്ഞ വർഷത്തേക്കാൾ 4.7% വർധന രേഖപ്പെടുത്തി.

∙ പൂർത്തിയായതു വമ്പൻ പദ്ധതികൾ

രണ്ടു ബൃഹദ് പദ്ധതികൾ പൂർത്തിയാക്കാനായതാണ് ദക്ഷിണ റെയിൽവേയുടെ 2017–18 സാമ്പത്തിക വർഷത്തിലെ പ്രധാന നേട്ടം. വില്ലുപുരം – ഡിണ്ടിഗൽ പാതയിൽ 270 കിലോമീറ്റർ ദൂരം 1600 കോടി ചെലവഴിച്ച് ഇരട്ടിപ്പിച്ചു. മണപ്പാറൈ – കൽപ്പട്ടിച്ചത്രം സെക്‌ഷൻ, കൽപ്പട്ടിച്ചത്രം–താമരൈപ്പടി സെക്‌ഷൻ എന്നിവ ഇരട്ടിപ്പിച്ചതോടെ ചെന്നൈ – മധുര പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി. 495 കിലോമീറ്റർ ദൂരമാണ് പാത ഇരട്ടിപ്പിച്ചത്. 350 കോടി രൂപ ചെലവഴിച്ചു തിരുച്ചിറപ്പള്ളി – തഞ്ചാവൂർ പാത ഇരട്ടിപ്പിച്ചു. പൊള്ളാച്ചി – പോഡനൂർ, കാരൈക്കുടി – പട്ടുക്കോട്ട‍ൈ ഗേജ് മാറ്റം പൂർത്തിയാക്കി. ആകെ 134 ഗേജ്മാറ്റങ്ങളാണ് പിന്നിട്ട സാമ്പത്തികവർഷത്തിൽ പൂർത്തിയാക്കിയത്.

ഗേജ്മാറ്റത്തിനായി 296 കോടി രൂപയും ഇരട്ടിപ്പിക്കലിനായി 545 കോടി രൂപയും ദക്ഷിണ റെയിൽവേ ചെലവഴിച്ചു.

∙ വൈദ്യുതീകരണം ഉഷാർ

ഈറോഡ് – കരൂർ– തിരുച്ചിറപ്പള്ളി റൂട്ടിലെ 141 കിലോമീറ്റർ ദൂരവും കരൂർ – ദിണ്ടിഗൽ റൂട്ടിലെ 72 കിലോമീറ്റർ ദൂരവും വൈദ്യുതീകരിച്ചു. ഇതിന് 171 കോടി ചെലവായി. സേലം – കരൂർ റൂട്ടിൽ 85 കിലോമീറ്റർ ദൂരവും തിരുച്ചിറപ്പള്ളി – കാരയ്ക്കൽ റൂട്ടിൽ 153 കിലോമീറ്റർ ദൂരവും വൈദ്യ‍ുതീകരിച്ചു – 332 കോടി ചെലവായി. ഉടൻ തന്നെ കമ്മിഷൻ ചെയ്യും.

ആകെ 5,079 കിലോമീറ്റർ പാതയിൽ 3,004 കിലോമീറ്ററും വൈദ്യുതീകരിച്ചു. ഇതോടെ വൈദ്യുതീകരണം 59.14% ആയി ഉയർന്നു.

∙ 2,323 പ്രത്യേക വണ്ടികൾ

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 2,323 സ്പെഷൽ ട്രെയിനുകൾ ഓടിച്ചു. തൊട്ടുമുൻപത്തെ വർഷം 1610 സ്പെഷൽ ട്രെയിനുകൾ മാത്രം ഓടിച്ച സ്ഥാനത്താണിത്. 1,696 സുവിധ ട്രെയിനുകളും പ്രത്യേക ‌നിരക്കുവണ്ടികളും 14.48 ലക്ഷം യാത്രക്കാർക്കു തുണയായി. 106 കോടി രൂപയാണ് ഇതിൽ നിന്നുമാത്രമുള്ള വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 39% വരുമാന വർധന.

∙ ആറു പുതിയ വണ്ടികൾ

ആറു പുതിയ എക്സ്പ്രസ് ട്രെയിനുകൾ പാളത്തിലിറക്ക‍ി. രണ്ടു ദീർഘദൂര വണ്ടികൾ ഉൾപ്പെടെയാണിത്. ഗോമതേശ്വര എക്സ്പ്രസ്, ചെന്നൈ–അഹമ്മദാബാദ് ഹംസഫർ എക്സ്പ്രസ്, ശ്രദ്ധസേതു എക്സ്പ്രസ്, ചെന്നൈ–മധുര പ്രതിവാര എക്സ്പ്രസ്, മധുര – ചെന്നൈ പ്രതിവാര എക്സ്പ്രസ്, കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ് എന്നിവയാണ് പുതുതായി ഓടിച്ചത്. ചെന്നൈ – മൈസൂർ റൂട്ടിൽ അത്യാധുനിക സൗകര്യങ്ങളുള്ള ‘അനുഭൂതി’ കോച്ചുകൾ ഓടിച്ചു. അന്ത്യോദയ റേക്കുകൾ, സ്വാൻ സ്കീം, ഡബിൾ ഡെക്കർ കോച്ചുകൾ എന്നിവ ജനകീയമായി.

∙ കാശുതരുന്ന ചരക്കുവണ്ടികൾ

ചരക്കുനീക്കത്തിൽ 29% വർധനയാണ് ഇത്തവണ. കൽക്കരി നിറച്ച 202 റേക്കുകളിൽ നിന്ന് 87.5 കോടി രൂപ വരുമാനമുണ്ടായി. ഓട്ടോമൊബൈൽ റേക്കുകളുടെ എണ്ണം 235 ആയി വർധിച്ചതിലൂടെ 55 കോടിയുടെ വരുമാനമുണ്ടായി. സിമന്റ് നീക്കം 519 റേക്കുകളിലേക്കു വർധിച്ചതിലൂടെ 91.5 കോടി വരുമാനം നേടി.

∙ എൽഇഡി സ്റ്റേഷനുകൾ

ദക്ഷിണ റെയിൽവേയ്ക്കു കീഴിലെ 714 സ്റ്റേഷനുകള‌ിലും ഊർജ സംരക്ഷണത്തിന് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു. ഇതുവഴിമാത്രം വൈദ്യുതി ബില്ലിൽ ആറു കോടി രൂപയുടെ കുറവുണ്ടായി. 603 സർവീസ് കെട്ടിടങ്ങളിലും എൽഇഡി ബൾബുകൾ സ്ഥാപിച്ചു. 207 കിലോവാട്ട് ശേഷിയുള്ള സോളർ പാനലുകൾ കമ്മിഷൻ ചെയ്തു.

∙ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

ഗുരുതര അപകടങ്ങളുടെ എണ്ണം മുൻവർഷം എട്ടായിരുന്നെങ്കിൽ ഇത്തവണ മൂന്നായി കുറഞ്ഞു. ആളപായമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. 14 സ്റ്റേഷനുകളിൽ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം. നിർഭയ ഫണ്ട് ഉപയോഗിച്ച് 72 കോടി ചെലവിൽ 136 സ്റ്റേഷനുകളിലായി സിസിടിവി ക്യാമറകൾ. വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് മഹിള പ്ലറ്റൂൺ അടക്കം നാലു റയിൽവേ പൊലീസ് പ്ലറ്റൂണുകളെ നിയോഗിച്ചു.

∙ യാത്രക്കാർക്കു സൗകര്യങ്ങൾ

യാത്രക്കാർക്കു മികച്ച സൗകര്യങ്ങളൊരുക്കാൻ 100 കോടി രൂപ ചെലവഴിച്ചു. 61 ലിഫ്റ്റുകൾ 30 സ്റ്റേഷനുകളിലായി ഒരുക്കി. 84 എസ്കലേറ്റുകൾ നിർമിച്ചു. മൊബൈൽ ആപ്പ് വഴിയുള്ള ടാക്സി സർവീസുകൾ 12 സ്റ്റേഷനുകളിൽ തയാറാക്കി. 11 സ്റ്റേഷനുകളിൽ അസുഖബാധിതർക്കായി ബാറ്ററി പ്ലാറ്റ്ഫോം കാറുകൾ ഒരുക്കി. 23 സ്റ്റേഷനുകളിൽ അടിയന്തര മെഡിക്കൽ സെന്ററുകൾ. 16 സ്റ്റേഷനുകളിൽ എസി വെയിറ്റിങ് ഹാളുകൾ കമ്മിഷൻ ചെയ്തു. ആറു സ്റ്റേഷനുകളിൽ ഡീലക്സ് വിശ്രമമുറികൾ. ഏഴു സ്റ്റേഷനുകളിൽ വനിതാ വിശ്രമ കേന്ദ്രങ്ങൾ.

∙ ഈവർഷം പ്രതീക്ഷിക്കുന്നത്...

കേരള റയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ കീഴിൽ റയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി ബൃഹദ് പദ്ധതികൾ നടപ്പാക്കും. അങ്കമാലി – എരുമേലി പാതയ്ക്ക് അന്തിമ സർവേ നടത്തും. എറണാകുളം – ഷൊർണൂർ പാതയിൽ 100 കിലോമീറ്റർ ദൂരത്തിൽ മൂന്നാം ലൈൻ നിർമിക്കും. ഡിപിആർ പുരോഗമിക്കുന്നു. ഓമല്ലൂർ – മേട്ടൂർ ഡാം പാത 2019 ൽ പൂർത്തിയാക്കും. തിരുവനന്തപുരം – കന്യാകുമാരി പാത ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് 1,431 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കും. ചെങ്ങന്നൂർ, ചിങ്ങവനം, അമ്പലപ്പുഴ, ഹരിപ്പാട് ലൈനും കുറുപ്പന്തറ, ഏറ്റുമാനൂർ ലൈനും ഇരട്ടിപ്പിക്കലും ഈ വർഷം പൂർത്തിയാക്കും.