എയർ ഇന്ത്യ ലേലം ധീരമായ തീരുമാനം; നഷ്ടക്കളിക്കില്ല: ജെറ്റ് എയർവേയ്സ്

കൊച്ചി ∙ കടത്തിൽ മുങ്ങിയ എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാനില്ലെന്നു പ്രഖ്യാപിച്ച് ജെറ്റ് എയർവേയ്സ്. ഇൻഡിഗോയ്ക്കു പിന്നാലെ ജെറ്റ് എയർവേയ്സും പിൻമാറിയതോടെ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനു വിപണിയിലെ പ്രമുഖരാരുമില്ലാതായി. നഷ്ടത്തിലായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നെന്നും ധീരമായ തീരുമാനമാണിതെന്നും ജെറ്റ് എയർവേയ്സ് ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അമിത് അഗർവാൾ വാർത്താ ഏജൻസികൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. എന്നാൽ വ്യവസ്ഥകൾ പരിശോധിച്ചപ്പോൾ ലേലത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നെന്നും കത്തിൽ പറയുന്നു.

ആകാശവിപണിയിൽ ചോദ്യം ചെയ്യാനാവാത്ത കുത്തകാവകാശമുണ്ടായിരുന്ന പ്രതാപകാലമുണ്ടായിരുന്നു എയർ ഇന്ത്യയ്ക്ക്. എന്നാൽ ബജറ്റ് സർവീസുകളുമായി ഒട്ടേറെ സ്വകാര്യ കമ്പനികൾ രംഗത്തെത്തിയതോടെ എയർ ഇന്ത്യയുടെ വിപണി വിഹിതം കുത്തനെ ഇടിയുകയാണ്. പത്തു വർഷമായി സർവീസ് നഷ്ടത്തിലാണ്. ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈൻ വിപണിയിലെ മത്സരത്തിന് ഒപ്പം പറക്കാൻ എയർ ഇന്ത്യയ്ക്കു കഴിയുന്നില്ല. സർക്കാർ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം എയർ ഇന്ത്യയുടെ നഷ്ടം 7.67 ബില്യൻ ഡോളറാണ് (49,855 കോടി രൂപ).