വിമതൻ തിരികെ കോൺഗ്രസിൽ; തൃക്കാക്കര നഗരസഭ സിപിഎമ്മിന് നഷ്ടം

കൊച്ചി∙ തൃക്കാക്കര നഗരസഭാ ഭരണം സിപിഎമ്മിനു നഷ്ടമായി. നിലവിൽ വൈസ് ചെയർമാനായ വിമതൻ കോൺഗ്രസിലേക്കു തിരിച്ചെത്തിയതാണു കാരണം. 43 അംഗ കൗൺസിലിൽ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനു 22 പേരുടെ പിന്തുണ ലഭിച്ചു. ഭരണപക്ഷം വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.

വൈസ് ചെയർമാനെതിരായ അവിശ്വാസം രാവിലെ പരിഗണിക്കും മുൻപ് അദ്ദേഹം രാജിവച്ചതിനാൽ ചർച്ചയ്ക്കെടുത്തില്ല. ഉച്ചയ്ക്കു ശേഷമാണു ചെയർപേഴ്സനെതിരെ അവിശ്വാസം വോട്ടിനിട്ടത്.

സിപിഎം വിമതനായ നാസറും വിട്ടുനിന്നു. സിപിഎമ്മിന് ഒപ്പം നിന്ന നാസറിന്റെ വിമതസ്വരത്തിലാണ് അവിശ്വാസ പ്രമേയ നോട്ടിസ് വന്നത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സനാണ് അവിശ്വാസത്തിലൂടെ പുറത്തായ കെ.കെ.നീനു.