നെറോക്കയെ വീഴ്ത്തി ബെംഗളൂരു എഫ്സി സൂപ്പർകപ്പ് സെമിയിൽ; ഛേത്രിക്ക് ഹാട്രിക്

ഭുവനേശ്വർ∙ ഐ ലീഗ് ക്ലബ്ബായ നെറോക്ക എഫ്സിയെ തോൽപ്പിച്ച് ഐഎസ്എൽ രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർകപ്പിന്റെ സെമിയിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് ബെംഗളൂരുവിന് മികച്ച വിജയം സമ്മാനിച്ചത്. 13, 55, 90 മിനിറ്റികളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. നെറോക്കയുടെ ആശ്വാസഗോൾ 45–ാം മിനിറ്റിൽ പ്രീതം സിങ് നേടി.

ബെംഗളൂരുവും സെമിയിൽ കടന്നതോടെ പ്രഥമ ഇന്ത്യൻ സൂപ്പർലീഗിന്റെ സെമി ലൈനപ്പും വ്യക്തമായി. 16–ാം തീയതി നടക്കുന്ന ആദ്യ സെമിയിൽ ഈസ്റ്റ് ബംഗാൾ എഫ്സി ഗോവയെയും പിറ്റേന്നു നടക്കുന്ന രണ്ടാം സെമിയിൽ ബെംഗളൂരു എഫ്സി മോഹൻ ബഗാനെയും നേരിടും. വിജയികൾ 20ന് നടക്കുന്ന കലാശപ്പോരിൽ നേർക്കുനേരെത്തും.