വരാപ്പുഴ കസ്റ്റഡി മരണം: തലയൂരാൻ പൊലീസ്; മരിച്ച വാസുദേവനെ പ്രതിയാക്കാൻ നീക്കം

ശ്രീജിത്ത്

കൊച്ചി ∙ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിൽനിന്നു തലയൂരാൻ പൊലീസ് നടത്തുന്നതു മരിച്ചയാളെ പ്രതിയാക്കാനുള്ള നീക്കം. ദേവസ്വംപാടം കുളമ്പുകണ്ടം വാസുദേവന്റെ ചവിട്ടിലാണ് ശ്രീജിത്തിനു ക്ഷതമേറ്റതെന്നു വരുത്താനുള്ള ശ്രമമാണു നടക്കുന്നത്. പൊലീസ് സ്റ്റേഷനിൽവച്ചു ശ്രീജിത്തിന്റെ ആരോഗ്യനില മോശമായപ്പോൾ വാസുദേവന്റെ മകൻ വിനീഷിനെ വിളിച്ചുവരുത്തി രണ്ടാമതു മൊഴിയെടുക്കുകയും അതിൽ ശ്രീജിത്തിന്റെ പേര് ഉൾപ്പെടുത്തുകയും ചെയ്തത് ഇതിന്റെ ഭാഗമാകാം.

വിനീഷ് ആദ്യം നൽകിയ മൊഴിയിൽ തങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും അക്രമം നടത്തിയവരെക്കുറിച്ചും മാത്രമെ പറഞ്ഞിട്ടുള്ളൂ. ഇതിൽ ശ്രീജിത്തിന്റെ പേരില്ല. ഈ മൊഴിയാണ് എഫ്ഐആറിനൊപ്പം പൊലീസ് ചേർത്തത്. എന്നാൽ ശ്രീജിത്ത് കസ്റ്റഡിയിൽ ഇരിക്കെ വിനീഷിനെ വിളിച്ചുവരുത്തി രണ്ടാമതു മൊഴിയെടുത്തപ്പോൾ ശ്രീജിത്തിന്റെ പേരുൾപ്പെടുത്തുക മാത്രമല്ല, ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ തന്റെ അച്ഛൻ വാസുദേവൻ മർദിച്ചുവെന്നും പറയിച്ചു. അച്ഛൻ അക്രമികളുമായി പിടിവലി കൂടുകയും തള്ളിമാറ്റുകയും ചവിട്ടുകയും ചെയ്തിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും പരുക്കുപറ്റിയതായി അറിയില്ല. അവർ വീടിനു പുറത്തിറങ്ങി ഇഷ്ടികയും കല്ലും എറിഞ്ഞപ്പോൾ ഞങ്ങൾ അവരെ തിരിച്ചെറിയുകയും ചെയ്തു– എന്നാണ് രണ്ടാമത്തെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മൊഴിയാണ് പൊലീസ് പുറത്തുവിട്ടത്.