Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തു

Varappuzha custodial death victim Sreejith

തിരുവനന്തപുരം∙ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക്, എഎസ്ഐ ജനാര്‍ദ്ദനന്‍, ഗ്രേഡ് എഎസ്ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ചാണു പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്.

ക്രിസ്പിന്‍ സാം ഒഴികെയുള്ള പൊലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ്. ഇവര്‍ ജില്ലാ പൊലീസ് മേധാവിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യുകയും ഒന്‍പതു പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ 2018 ഏപ്രില്‍ ആറിനു രാത്രി 10.30ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസിന്റെ ക്രൂരമര്‍ദനത്തില്‍ മരിച്ചെന്നാണ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്തിയതു പിറ്റേന്നു രാത്രി 9.15നാണ്. മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കാതെ ആശുപത്രിയിലാക്കി. ഏഴിനാണ് അറസ്റ്റ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആറാംപ്രതിയായ ഇന്‍സ്‌പെക്ടര്‍ വ്യാജരേഖയുണ്ടാക്കിയെന്നും കേസുണ്ടായിരുന്നു. ലോക്കപ്പില്‍ ശ്രീജിത്തിനു മര്‍ദനമേറ്റെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.