എസ്–300 മിസൈലിലൂടെ റഷ്യയുടെ ‘മറുപടി’; രാജ്യാന്തര ബന്ധം തകരുമെന്ന് പുടിൻ

എസ്–300 മിസൈൽ (ഫയൽ ചിത്രം)

മോസ്കോ∙ സിറിയയിൽ യുഎസ് നടത്തിയ ആക്രമണത്തിനു മറുപടി നൽകാൻ ‘ഒരുങ്ങിത്തന്നെ’യെന്നു വ്യക്തമാക്കി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആക്രമണത്തെ അപലപിച്ച അദ്ദേഹം യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരണമെന്നും ആവശ്യപ്പെട്ടു. സിറിയയിലെ സാധാരണക്കാരുടെ ജീവിതം ദുരന്തപൂർണമാക്കുകയാണ് യുഎസ് ആക്രമണത്തിലൂടെ ചെയ്തത്. സാധാരണക്കാർക്കാണ് ഇതിന്റെ മുഴുവന്‍ തിരിച്ചടിയും. രാജ്യാന്തര ബന്ധങ്ങളെ തകിടം മറിക്കുന്ന നീക്കമാണ് വ്യോമാക്രമണത്തിലൂടെ യുഎസ് നടത്തിയതെന്നും പുടിൻ വ്യക്തമാക്കി. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനു കീഴിലുള്ള സൈന്യത്തിനു റഷ്യയും ഇറാനും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനിടെ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് സഖ്യസേനയുടെ ആക്രമണത്തിലും ‘പാഠം’ പഠിച്ചില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു റഷ്യയുടെ മറ്റൊരു നീക്കം. സിറിയയ്ക്കും ആവശ്യക്കാരായ മറ്റു രാജ്യങ്ങൾക്കും എസ്–300 മിസൈൽ പ്രതിരോധ സംവിധാനം നൽകാനാണു തീരുമാനമെന്നു റഷ്യ വ്യക്തമാക്കി. കേണൽ ജനറൽ സെർഗെയ് റുഡ്സ്കോയ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. സിറിയൻ വ്യോമാക്രമണത്തെത്തുടർന്നു ലോകം രണ്ടു ചേരിയിലായതാണ് റഷ്യയെ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്.

റഷ്യയും ഇറാനും സിറിയയും ലബനനിലെ ഹിസ്ബുള്ള വിഭാഗവും ഒരുപക്ഷത്തു നിൽക്കുമ്പോൾ യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ജർമനി, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളാണു മറുപക്ഷത്ത്. ഈ രാജ്യങ്ങളെല്ലാം സിറിയൻ ആക്രമണത്തില്‍ പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതുമാണ്. രാസായുധങ്ങൾ ഒഴിവാക്കണമെന്നു യൂറോപ്യൻ യൂണിയനും സിറിയയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. 

മിസൈൽ പ്രതിരോധ സംവിധാനം വിൽക്കാനൊരുങ്ങുന്നുവെന്ന റഷ്യയുടെ പ്രഖ്യാപനത്തിനു പിന്നാലെ പരോക്ഷ ‘വെല്ലുവിളി’ ഉയർത്തി ഫ്രാൻസും രംഗത്തെത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ ‘ചുവപ്പുവര’ വീണ്ടും മറികടക്കാനാണു സിറിയയുടെ ശ്രമമെങ്കിൽ ഒരുതവണ കൂടി ഇടപെടൽ ഉണ്ടാകുമെന്നാണു ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് യെ ലേ ഡ്രിയാൻ വ്യക്തമാക്കിയത്. മേയ് അവസാനം  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ റഷ്യയിലേക്കു നടത്താനിരിക്കുന്ന സന്ദർശനത്തിനു മാറ്റമില്ലെന്നും ഡ്രിയാൻ അറിയിച്ചു. ആക്രമണത്തിനു മുന്നോടിയായി റഷ്യയെ വിവരം അറിയിച്ചിരുന്നതായി അതിനിടെ ഫ്രഞ്ച് പ്രതിരോധമന്ത്രിയും വ്യക്തമാക്കി.

അതേസമയം, യുഎസ് ആക്രമണം മേഖലയിലെ നിലവിലെ അവസ്ഥയെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കുകയുള്ളൂവെന്നും സെർഗെയ് വ്യക്തമാക്കി. സിറിയൻ തലസ്ഥാനമായ ദമാസ്കസിലും മറ്റു നഗരങ്ങളിലും നിലവിൽ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം അറിയിച്ചു.

കരുത്തുറ്റ എസ്–300

എസ്–300 മിസൈൽ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കാനുള്ള റഷ്യയുടെ നീക്കം ഐക്യരാഷ്ട്ര സഭയ്ക്കു പുതിയ തലവേദനയാണ്. രാജ്യാന്തര തലത്തിൽ ആയുധവ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങൾ യുഎൻ ശക്തമാക്കിയ സാഹചര്യത്തിൽ പ്രത്യേകിച്ച്. റഷ്യ തനതായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈൽ പ്രതിരോധ സംവിധാനം. ആകാശത്തു വച്ചു മിസൈലുകളെയും യുദ്ധവിമാനങ്ങളെയും മറ്റും തകർക്കുന്നതിൽ ഇന്നു ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും കരുത്ത മിസൈൽവേധ വിന്യാസത്തിലൊന്നാണ് എസ്–300. ഭൗമോപരിതലത്തിൽ നിന്ന് ആകാശത്തേക്കു മിസൈലുകൾ തൊടുക്കാവുന്ന ഈ സംവിധാനം എൻപിഒ അൽമാസ് എന്ന റഷ്യൻ കമ്പനിയാണു നിർമിക്കുന്നത്. 

1979ൽ സോവിയറ്റ് യൂണിയനായിരിക്കെയാണ് ഈ മിസൈൽ സംവിധാനം ആദ്യം പരീക്ഷിക്കുന്നത്. ആദ്യഘട്ട മോഡലായ എസ്–300പി പലപ്പോഴായി പരിഷ്കരിച്ചാണ് അത്യാധുനികമായ ഈ മിസൈൽ സംവിധാനത്തിന്റെ നിര്‍മാണം. ബാലിസ്റ്റിക് മിസൈലുകളെ തകർക്കാന്‍ ശേഷിയുള്ള മിസൈല്‍വേധ സംവിധാനവും പിന്നീട് റഷ്യ വികസിപ്പിച്ചെടുത്തു. ശത്രുക്കളുടെ വ്യോമാക്രമണം പ്രതിരോധിക്കാനും യുദ്ധകാലത്ത് സൈനിക താവളങ്ങളും വമ്പൻ വ്യാവസായിക കേന്ദ്രങ്ങളും തകർക്കാനുമായിരുന്നു എസ്–300 റഷ്യ ഉപയോഗപ്പെടുത്തിയിരുന്നത്. പൂർണമായും ഒാട്ടമാറ്റിക് ആയാണു പ്രവർത്തനം. പക്ഷേ ‘മാന്വൽ’ ആയും ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും.