കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; സിദ്ധരാമയ്യ ഒരിടത്തുമാത്രം

സിദ്ധരാമയ്യ (ഫയൽ ചിത്രം)

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. 225 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 218 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു സീറ്റുകളിൽനിന്ന് ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരു സീറ്റിൽ മാത്രമേ അദ്ദേഹത്തിന്റെ പേരുള്ളൂ. ഇക്കുറി ചാമുണ്ഡേശ്വരിയിൽനിന്നാണ് സിദ്ധരാമയ്യ ജനവിധി തേടുക.

അതേസമയം, ഏഴു സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അവയിൽ ഒന്നിൽക്കൂടി സിദ്ധരാമയ്യ മൽസരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. സിദ്ധരാമയ്യ മൽസരിക്കുന്ന ചാമുണ്ഡേശ്വരിയിൽ ബിജെപിയും ജെഡിഎസ്സും ഒന്നിച്ചുനിന്ന് മൽസരിക്കാനുള്ള സാധ്യത പരിഗണിച്ചാണിത്. ബിജെപിയും കഴിഞ്ഞ ദിവസം ആദ്യ പട്ടിക പുറത്തുവിട്ടിരുന്നു.

2008 മുതൽ സിദ്ധരാമയ്യ മൽസരിച്ചുവരുന്ന വരുണ മണ്ഡലത്തിൽ ഇത്തവണ മകൻ യതീന്ദ്ര മൽസരിക്കും. ആഭ്യന്തരന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യയ്ക്കും കോൺഗ്രസ് സീറ്റു നൽകിയിട്ടുണ്ട്. ജയനഗറിൽനിന്നാണ് സൗമ്യ ജനവിധി തേടുക. ബെംഗളൂരു മേയർ സമ്പത്ത് രാജ് സിവി രാമൻ നഗറിൽ മൽസരിക്കും.

അതേസമയം, യുവാവിനെ അതിക്രൂരമായി മർദ്ദിച്ച മകന്റെ പേരിൽ വിവാദക്കുരുക്കിലായ ശാന്തിനഗർ എംഎൽഎ എൻ.എ. ഹാരിസിന് സീറ്റു നൽകിയിട്ടില്ല. ഈ സീറ്റ് ഉൾപ്പെടെ അഞ്ചു സീറ്റുകളിലേക്ക് പിന്നീട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബിജെപി ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത മേലുക്കോട്ട് മണ്ഡലം കോൺഗ്രസും ഒഴിച്ചിട്ടിരിക്കുകയാണ്. സ്വരാജ് ഇന്ത്യയുടെ പേരിൽ ഇവിടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ള ദർശൻ പുട്ടണ്ണയ്യയെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് സൂചന. ദർശന്റെ പിതാവും കർഷകനുമായ പുട്ടണ്ണ രണ്ടു മാസം മുൻപു മരിച്ചിരുന്നു.