കഠ്‍വ കൂട്ടമാനഭംഗം: പ്രതിഷേധം കനക്കുന്നു, പ്രതികരിക്കാതെ മെഹ്ബൂബ മുഫ്തി

കഠ്‍വ കൂട്ടമാനഭംഗക്കേസിൽ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർ.

ശ്രീനഗർ∙ കഠ്‍വ പീഡനക്കേസിലെ പ്രതികളെ അനുകൂലിച്ച കശ്മീരിലെ ബിജെപി മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം. പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യവുമായി രംഗത്തെത്തി. മന്ത്രിപദം ഒഴിഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇതിനോടു പ്രതികരിച്ചിട്ടില്ല. അതേസമയം, മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗയുടെയും ലാൽ സിങ്ങിന്റെയും രാജിക്കത്ത് ബിജെപി, ഇന്നു മുഖ്യമന്ത്രിക്കു കൈമാറും.

അതേസമയം, ടൂറിസം മന്ത്രി തസ്ദാഖ് മുഫ്തിയുടെ പരാമർശത്തെക്കുറിച്ചു മുഖ്യമന്ത്രി മെഹ്ബൂബ നിലപാട് അറിയിക്കണമെന്നു സിപിഎം നേതാവ് എം.വൈ. താരിഗമി ആവശ്യപ്പെട്ടു. ഒരു തലമുറ മുഴുവൻ രക്തം കൊണ്ടു മറുപടി പറയേണ്ട കുറ്റകൃത്യത്തിലെ പങ്കാളികളായി പിഡിപിയും ബിജെപിയും മാറിയെന്നായിരുന്നു തസ്ദാഖ് മുഫ്തിയുടെ പരാമർശം. ജനങ്ങളോടു മാപ്പു പറയുന്നതിൽനിന്നു പിഡിപിയെ പിൻവലിക്കുന്നതെന്താണെന്നുള്ള ചോദ്യത്തോടു പ്രതികരിക്കവെയായിരുന്നു ടൂറിസം മന്ത്രി ഇങ്ങനെ പറഞ്ഞത്.

‘ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപിയുമായുള്ള ‘പൊരുത്തമില്ലാത്ത സഖ്യ’മാണ് ഇതിനു കാരണം. അവസരവാദപരമായ ഈ സഖ്യത്തെക്കുറിച്ചു സംസ്ഥാനത്തിന് അകത്തും പുറത്തും ജനാധിപത്യശക്തികൾ നിരവധി ആശങ്കകളും മുന്നറിയിപ്പുകളും നൽകിയെങ്കിലും പിഡിപി അതു വകവച്ചില്ല. ഈ നിലപാടാണു ജമ്മു കശ്മീരിനെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. സഖ്യകക്ഷിയുമായി ‘രാഷ്ട്രീയ വ്യാപാര’ത്തിലേർപ്പെടുമ്പോൾ പിഡിപി അവരുടെ രാഷ്ട്രീയ അജന്‍ഡയെക്കുറിച്ചു മൗനമാകുന്നു, എന്നാൽ ബിജെപി അതു വർധിച്ച യുദ്ധോക്തിയോടെ നടപ്പാക്കുന്നു’ – അദ്ദേഹം പറഞ്ഞു.

അമിതമായ സൈനിക ഉപയോഗത്തിലൂടെ കശ്മീരിനെ ഒരു തടവറയാക്കി മാറ്റിയിരിക്കുകയാണെന്ന് സിപിഎം നേതാവ് താരിഗമി വ്യക്തമാക്കി. കശ്മീരിലെങ്ങും ഭരണനിർവഹണത്തെക്കാൾ സൈന്യത്തെയാണു കൂടുതലായും കാണുന്നത്. ‘സഖ്യകക്ഷിയുടെ അജൻഡ’ എന്താണെന്നു സംസ്ഥാനത്തിനു മുഴുവൻ അറിയാം. വ്യാജമായ, ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെ കൂമ്പാരം മാത്രമാണിത്. ജനങ്ങളുടെ ആഗ്രഹത്തിന് എതിരാണ് ഈ സർക്കാരെന്നും താരിഗമി വ്യക്തമാക്കി.