കഠ്‌വയിലേക്കു പോകാൻ പാർട്ടി നിർദേശിച്ചു: നിലപാട് മയപ്പെടുത്തി രാജിവച്ച മന്ത്രിമാർ

ലാൽ സിങ്

ശ്രീനഗർ∙ രോഷാകുലരായ ജനങ്ങളെ സമാധാനപ്പെടുത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണു കഠ്‌വയിലേക്കു പോയതെന്ന് ജമ്മു കശ്മീർ മന്ത്രിസഭയിൽനിന്നു രാജിവച്ച മന്ത്രിമാരിലൊരാളായ ലാൽ സിങ്. കൊടും ക്രൂരകൃത്യം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു ജനങ്ങൾ പ്രതിഷേധിച്ചത്. എന്നാൽ അറസ്റ്റിലായ പ്രതികളെ പിന്തുണച്ചു മാർച്ച് ഒന്നിന് ഹിന്ദു ഏക്ത മഞ്ച് നടത്തിയ റാലിയെ അഭിസംബോധന ചെയ്താണു വനം മന്ത്രിയായിരുന്ന ലാൽ സിങ്ങും വ്യവസായ മന്ത്രിയായിരുന്ന ചന്ദ്ര പ്രകാശ് ഗംഗയും സംസാരിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്തതിനെ ‘ജംഗിൾ രാജ്’ എന്നാണു ഗംഗ വിശേഷിപ്പിച്ചത്. എന്നാൽ ലാൽ സിങ്ങിന്റെ പ്രതികരണം, ‘ഈയൊരു പെൺകുട്ടിയുടെ മരണത്തിൽ എന്തിനിത്ര കോലാഹം... അങ്ങനെ എത്രയോ പെൺകുട്ടികൾ ഇവിടെ മരിക്കുന്നു’ എന്നതായിരുന്നു. ഈ പരാമർശങ്ങൾ വൻ വിവാദം ക്ഷണിച്ചുവരുത്തി. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് ആരോപണം.

എന്നാൽ രാജിവച്ചതിനു പിന്നാലെ ദേശീയമാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ, കുടിയേറ്റം മൂലമുണ്ടായ പ്രശ്നങ്ങൾ മേഖലയിൽ സ‍‍‍ൃഷ്ടിച്ച അസ്ഥിരത ഇല്ലാതാക്കാനാണ് കഠ്‌വ സന്ദർശിച്ചിരുന്നതെന്നായിരുന്നു ലാൽ സിങ് പറഞ്ഞത്. ‘ഞങ്ങൾ പ്രതിഷേധക്കാരോടു സംസാരിച്ചു. തെളിവുകൾ നശിപ്പിക്കാൻ പൊലീസുകാർ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കഴുകിയെന്നും ഇതു സംശയത്തിനിടയാക്കുന്നതാണെന്നും അവർ പറഞ്ഞു. ഇക്കാരണത്താൽ പെൺകുട്ടിക്ക് നീതി ലഭിക്കണമെങ്കിൽ സിബിഐ അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു’ – ലാൽ സിങ് വ്യക്തമാക്കി.

‘പ്രതികൾക്കു കർശന ശിക്ഷ’ കൊടുക്കണമെന്ന് ആവശ്യപ്പെട്ട സിങ് മേഖലയിൽ സമാധാനം നിലനിൽക്കേണ്ടതു പ്രധാനപ്പെട്ട കാര്യമാണെന്നും വ്യക്തമാക്കി. തങ്ങളുടെ രാജി അതു ഉറപ്പാക്കുമെങ്കിൽ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ത്യാഗം പാർട്ടിയുടെ പ്രതിച്ഛായ രക്ഷിക്കുമെങ്കിൽ രാജി വയ്ക്കാൻ തയാറാണെന്നാണ് ഗംഗയുടെ നിലപാട്.

അതേസമയം, റാലിയിൽ ഈ മുൻ മന്ത്രിമാരുടെ പ്രസ്താവനകൾ വിവാദമായതിനുപിന്നാലെ മുതിർന്ന ബിജെപി നേതാവ് റാം മാധവ് ശനിയാഴ്ച രാവിലെ ജമ്മുവിലെത്തിയിരുന്നു. മുൻ മന്ത്രിമാർ ഇരുവരും ജനങ്ങളെ സമാധാനപ്പെടുത്താനാണ് പോയതെന്ന നിലപാടാണ് അദ്ദേഹവും സ്വീകരിച്ചത്. ‘തെറ്റിദ്ധാരണയാണ് സംഭവിച്ചത്. അവർ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കു എന്നതല്ലായിരുന്നു അവരുടെ ഉദ്ദേശ്യം. മാനഭംഗം നടത്തിയവർക്കൊപ്പമാണ് അവരെന്ന ആരോപണം ശരിയല്ല’, റാം മാധവ് വ്യക്തമാക്കി.