കീഴാറ്റൂരിലെ ക്ഷീണം തീർക്കാൻ കണ്ണൂരിൽ സിപിഎമ്മിന്റെ പരിസ്ഥിതി ക്യാംപെയ്ൻ

കണ്ണൂരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തു സിപിഎം പ്രചരിപ്പിക്കുന്ന പോസ്റ്റർ.

കണ്ണൂർ ∙ കീഴാറ്റൂരിൽ സ്വീകരിച്ച പരിസ്ഥിതി വിരുദ്ധ നിലപാടു തിരുത്താൻ ഒരു മാസം നീളുന്ന പരിസ്ഥിതി സംരക്ഷണ ക്യാംപെയ്നുമായി സിപിഎം. പാർട്ടിയുടെ പരിസ്ഥിതി ദിനാചരണ പരിപാടികൾ പരിസ്ഥിതി ദിനത്തിനും ഒരു മാസം മുൻപേ തുടങ്ങും. ഇതിന്റെ ഭാഗമായി ശിൽപശാലകൾ, പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം, ശുചീകരണം, പുഴയറിയാൻ യാത്ര, കാവുസംരക്ഷണം, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്നു ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയിച്ചു.

തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളി സംഘടനയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയപ്പോൾ വയൽ നികത്തലിന് അനുകൂല നിലപാടാണു സിപിഎം സ്വീകരിച്ചത്. നെൽവയൽ – തണ്ണീർത്തട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടിരുന്ന സിപിഎമ്മിന്റെ പുതിയ നിലപാട് രൂക്ഷവിമർശനം ക്ഷണിച്ചുവരുത്തി. കീഴാറ്റൂർ പ്രശ്നത്തിലെ പാർട്ടി നിലപാടു വിശദീകരിക്കാൻ കണ്ണൂർ ജില്ലയിൽ രണ്ടു മേഖലാ ജാഥകൾ സിപിഎം നടത്തി. ഇതിനു ബദലായി ലോങ് മാർച്ച് അടക്കമുള്ള സമരപരിപാടികളുമായി കീഴാറ്റൂർ ഐക്യദാർഢ്യസമിതി മുന്നോട്ടുപോകുമ്പോഴാണ് സിപിഎം ഒരു മാസം നീളുന്ന പരിസ്ഥിതി സംരക്ഷണ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള ഏകദിനശിൽപശാല മേയ് ഏഴിന് കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ ഡോ.കെ.എൻ. ഗണേശ് ഉദ്ഘാടനം ചെയ്യും. മേയ് 15 നുള്ളിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു പരിസ്ഥിതി സംരക്ഷണ സെമിനാറുകൾ സംഘടിപ്പിക്കും.

മേയ് 19 നും 20 നും ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻസ് എന്ന മുദ്യാവാക്യവുമായി ജില്ലയിലെ മുഴുവൻ പാർട്ടി ‍ബ്രാഞ്ചുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. മേയ് 13 ന് പുഴസംരക്ഷണ സന്ദേശവുമായി മയ്യഴി, വളപട്ടണം, പെരുമ്പ, കുപ്പം തുടങ്ങിയ പ്രധാന പുഴകളിലൂടെ യാത്ര സംഘടിപ്പിക്കും.

കണ്ണൂരിനൊരു ഹരിതകവചം എന്ന മുദ്രാവാക്യമുയർത്തി ജൂൺ അഞ്ചിനു ജില്ലയിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 18 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇതിനാവശ്യമായ തൈകൾ ഉൽപാദിപ്പിക്കും. പുഴയോരങ്ങളിൽ കണ്ടൽത്തൈകളും വച്ചുപിടിപ്പിക്കും. ജില്ലയിലെ കാവുകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും സിപിഎം ഏറ്റെടുക്കുമെന്ന് പി.ജയരാജൻ അറിയിച്ചു.