ഹിമാലയത്തിലൂടെ സാമ്പത്തിക ഇടനാഴിയുമായി ചൈന; നേപ്പാളിലൂടെ ‘ഉന്നമിടുന്നത്’ ഇന്ത്യയെ

ഇന്ത്യ–ചൈന അതിര്‍ത്തി (ഫയൽ ചിത്രം)

ബെയ്ജിങ്∙ ഹിമാലയം വഴി ഇന്ത്യ– നേപ്പാൾ– ചൈന സാമ്പത്തിക ഇടനാഴിക്കുള്ള നീക്കവുമായി ചൈന. നേപ്പാളില്‍ പുതുതായി ഭരണമേറ്റ കെ.പി.ശര്‍മ ഒലി സർക്കാരുമായി ചേർന്നു പദ്ധതി നടപ്പിലാക്കാൻ ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയായി. നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യവാലിയും ചൈനീസ് വിദേശകാര്യ മേധാവി വാങ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.

ഹിമാലയത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചു ദീർഘകാലത്തേക്കുള്ള പദ്ധതികൾ നടപ്പാക്കാന്‍ തീരുമാനിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം വാങ് യി പ്രതികരിച്ചു. കോടിക്കണക്കിനു രൂപ ചെലവഴിച്ചു ചൈന നിർമിക്കുന്ന ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റിവിലും (ബിആർഐ) ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചിട്ടുണ്ട്. തുറമുഖം, ദേശീയപാത, വ്യോമ ഗതാഗതം, ഊർജം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെല്ലാം പരസ്പര സഹകരണമാണു ലക്ഷ്യം. സഹകരണത്തിലൂടെ മൂന്നു രാഷ്ട്രങ്ങൾക്കും വികസനം ഉണ്ടാകുമെന്നും വാങ് യി പറഞ്ഞു.

‘ചൈനയും നേപ്പാളും ഇന്ത്യയും സുഹൃത്തുക്കളാണ്. പുഴകളും സമുദ്രങ്ങളും കൊണ്ടു ബന്ധിപ്പിക്കപ്പെട്ട അയൽക്കാരാണു മൂന്നു രാഷ്ട്രങ്ങളും. ലോകത്തിലെവിടെയും മൂന്നു രാജ്യങ്ങൾക്കകത്തും എന്തു മാറ്റങ്ങളുണ്ടായാലും ഇക്കാര്യത്തിൽ മാത്രം വ്യത്യാസമുണ്ടായിരിക്കില്ല. നേപ്പാളിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ധാരണയുണ്ടായിരിക്കണം’– വാങ് യി വ്യക്തമാക്കി.

ചൈനയുമായി പ്രശ്നങ്ങളില്ലാത്ത ബന്ധമാണു ലക്ഷ്യമെന്നു പ്രദീപ് കുമാർ ഗ്യവാലി പറഞ്ഞു. ചരക്ക്, ഊർജ വിതരണങ്ങൾക്കായി പതിറ്റാണ്ടുകളായി ഇന്ത്യയെ ആശ്രയിച്ചിരുന്ന നേപ്പാൾ 2016ൽ അത് അവസാനിപ്പിച്ചിരുന്നു. ചൈനയുമായി പുതിയ ഗതാഗത കരാ‍റും നേപ്പാൾ ഒപ്പുവച്ചു. നേപ്പാൾ പ്രധാനമന്ത്രിക്ക് ഇന്ത്യയെക്കാൾ ചൈനയോടാണു താൽപര്യമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.