കുഷ്യൻ സീറ്റ്, കുടിവെള്ളം, എൽഇഡി, ചാർജിങ്...; സൂപ്പറായി അന്ത്യോദയ എക്സ്പ്രസ്

അന്ത്യോദയ എക്സ്പ്രസ് കോച്ച്.

കൊച്ചി∙ കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്സ്പ്രസിനുള്ള പുതിയ കോച്ചുകൾ കൊച്ചുവേളിയിലെത്തി. സ്റ്റെയിൻലസ് സ്റ്റീൽ എൽഎച്ച്ബി കോച്ചുകളാണു പുതിയ ട്രെയിനിലുള്ളത്. കോച്ചുകളുടെ മുകൾഭാഗത്തു സോളർ ഹീറ്റ് റസിസ്റ്റന്റ് പെയിന്റാണു ഉപയോഗിച്ചിരിക്കുന്നത്. എല്ലാ കോച്ചുകളും വെസ്റ്റ്യൂബിൾ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ജനറൽ കോച്ചുകൾ മാത്രമുള്ള അന്ത്യോദയ എക്സ്പ്രസിനു പ്രത്യേക ടിക്കറ്റ് നിരക്കാണ് ഉണ്ടാവുക.

കുഷ്യൻ സീറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ, കുടിവെള്ളത്തിന് ഒാരോ കോച്ചിലും രണ്ടു വാട്ടർ ഡിസ്പെൻസറുകൾ, എൽഇഡി ലൈറ്റുകൾ എന്നിവയാണു മറ്റു സൗകര്യങ്ങൾ. കോച്ചുകൾ ഇന്നലെ രാവിലെ കൊച്ചുവേളിയിൽ എത്തിയെങ്കിലും സർവീസ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ ഡിവിഷന് അറിയിപ്പു ലഭിച്ചിട്ടില്ല.

മുൻപും അന്ത്യോദയ സർവീസ് ആരംഭിക്കാൻ റേക്ക് എത്തിച്ചിരുന്നെങ്കിലും സൗത്ത് സെൻട്രൽ റെയിൽവേയ്ക്കു ഹൈദരാബാദിൽനിന്നു സ്പെഷൽ ഒാടിക്കാൻ കൈമാറുകയായിരുന്നു. ഈ കോച്ചുകൾക്കും ആ ഗതി വരാതെ സർവീസ് ആരംഭിക്കാൻ ദക്ഷിണ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. അന്ത്യോദയയ്ക്കു പുറമേ ഗാന്ധിധാം– തിരുനെൽവേലി ഹംസഫർ എക്സ്പ്രസ്, തിരുവനന്തപുരം - ബെംഗളൂരു ബൈവീക്ക്‌ലി എന്നിവയാണു മുൻപു പ്രഖ്യാപിച്ചിട്ടും ഇതുവരെ സർവീസ് ആരംഭിക്കാത്തവ.

ബെംഗളൂരു ട്രെയിൻ 2014 ബജറ്റിലാണു പ്രഖ്യാപിച്ചത്. ഈ മാർച്ചിൽ ട്രെയിനോടിക്കുമെന്നായിരുന്നു എംപിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കു റെയിൽവേ ബോർഡ് ഉറപ്പു നൽകിയിരുന്നത്. എന്നാൽ റെയിൽവേ വാക്കു പാലിച്ചിട്ടില്ല. ബെംഗളൂരുവിൽ തിരക്കായതിനാൽ ട്രെയിൻ അവിടെ സ്വീകരിക്കാൻ കഴിയില്ലെന്നും പകരം ബെംഗളൂരു വഴി മൈസൂരുവിലേക്കു സർവീസ് നടത്താമെന്നും ബെംഗളൂരു ഡിവിഷൻ അറിയിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഹംസഫർ കോച്ചുകൾ ഒരു മാസത്തോളം ഗാന്ധിധാമിൽ ഉണ്ടായിരുന്നിട്ടും വെസ്റ്റേൺ റെയിൽവേ സർവീസ് ആരംഭിക്കാൻ നടപടിയെടുത്തില്ല.

മംഗളൂരു കൊച്ചുവേളി ബൈവീക്ക്‌ലി സമയക്രമം റെയിൽവേ േനരത്തെ പ്രഖ്യാപിച്ചതാണ്. എന്നാൽ സ്റ്റോപ്പുകൾ സംബന്ധിച്ചു അന്തിമ തീരുമാനമായിട്ടില്ല. ആലപ്പുഴ വഴിയാകും സർവീസ്. മംഗളൂരു– കൊച്ചുവേളി അന്ത്യോദയ (16356) വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടിനു മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി–മംഗളൂരു അന്ത്യോദയ (16355) വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവിലെത്തും. 18 കോച്ചുകളാണു ട്രെയിനിലുണ്ടാകുക. ജനറൽ കോച്ചുകൾ മാത്രമുള്ള അന്ത്യോദയ സർവീസ് ആരംഭിക്കുന്നതോടെ മലബാർ, മാവേലി എക്സ്പ്രസുകളിലെ ജനറൽ കോച്ചുകളിലെ തിരക്കു കുറയും. സെക്കൻഡ് ക്ലാസ് യാത്രക്കാർക്കു സർവീസ് ഏറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണു റെയിൽവേ.