കിമ്മിനെ വീഴ്ത്താൻ പോംപിയെ രംഗത്തിറക്കി ഡോണൾഡ് ട്രംപ്

മൈക് പോംപി, കിം ജോങ് ഉൻ

വാഷിങ്ടൺ ∙ ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉന്നുമായി ഡോണള്‍ഡ് ട്രംപിന്റെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അമേരിക്കയുടെ നിര്‍ണായക നീക്കം.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുടെ ഡയറക്ടറും നിയുക്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക് പോംപിയെ കിം ജോങ് ഉന്നിനെ കണ്ട് ചര്‍ച്ച നടത്താൻ ട്രംപ് നിയോഗിച്ചെന്നാണ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം നയതന്ത്രരംഗത്തെ ഉന്നതരായ രണ്ടു വ്യക്തികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. 

സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെയാണ് ട്രംപ് ‘കിം’ ദൗത്യത്തിന് പോംപിയെ നിയോഗിച്ചതെന്നാണ് റിപ്പോർട്ട്. ഈസ്റ്റർ ആഴ്ചയിലായിരുന്നു സന്ദർശനമെന്നും സൂചനയുണ്ട്. കിം ജോങ് ഉന്നിനെ നേരിട്ട് കാണുന്ന ആദ്യ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് മൈക് പോംപി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സനെ പുറത്താക്കിയാണ് ട്രംപ് പകരം സിഐഎ ഡയറക്ടർ മൈക് പോംപിയെ നിയമിച്ചത്. ദക്ഷിണകൊറിയ രഹസ്യാന്വേഷണ ഏജന്‍സി വഴിയാണ് സിഐഎ കൂടിക്കാഴ്ചയ്ക്കുളള വേദിയൊരുക്കിയതെന്നാണ് സൂചന.‌‌

ട്രംപ് – കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കാന്‍ പോംപിയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. എന്നാല്‍ ട്രംപും കിം ജോങ് ഉന്നും തമ്മിലുളള കൂടിക്കാഴ്ചയുടെ വേദിയോ തീയതിയോ തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ച തുടരുമെന്നും അമേരിക്കന്‍ നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു.